സൈന്യവും എതിരാളികളും തമ്മിലുള്ള കനത്ത പോരാട്ടത്തിനൊടുവിൽ സുഡാൻ തലസ്ഥാനത്ത് കെട്ടിടങ്ങൾക്ക് തീപിടിച്ചു. ഏപ്രിലിൽ യുദ്ധം പൊട്ടിപുറപ്പെട്ടതിന് ശേഷം കാർട്ടൂമിലും മറ്റ് പട്ടണങ്ങളിലും നഗരങ്ങളിലും വ്യോമാക്രമണങ്ങളും കരയുദ്ധങ്ങളും നടക്കുകയാണ്.നിലവിൽ ഒരു ദശലക്ഷത്തിലധികം ആളുകൾ രാജ്യം വിടാൻ നിർബന്ധിതരായെന്നാണ് യു എൻ റിപ്പോർട്ട്. നൈൽ നദിക്ക് സമീപം സ്ഥിതി ചെയ്യുന്ന, പതിനെട്ട് നിലകളുള്ള അംബരചുംബിയായ എണ്ണ സ്ഥാപനം കാർട്ടൂമിലെ ലാൻഡ്മാർക്കുകളിൽ ഒന്നാണ്.
സൈന്യവും എതിരാളികളായ അർദ്ധ സൈനിക വിഭാഗവും തമ്മിലുള്ള സംഘർഷം ആറാം മാസത്തിലെക്ക് കടക്കുന്ന സാഹചര്യത്തിലാണ് കാർട്ടൂമിലെ ഐക്കണിക് ഗ്രേറ്റർ നൈൽ പെട്രോളിയം കമ്പനി അഗ്നിക്കിരയായത്. ഗ്ലാസ്സിനാൽ ആവരണം ചെയ്യപ്പെട്ട കെട്ടിടം എങ്ങനെയാണ് തീപിടിത്തമുണ്ടായതെന്നോ, ആരെങ്കിലും കൊല്ലപ്പെട്ടോ എന്നതിൽ വ്യക്തതയില്ല. ഏറ്റവും ഒടുവിൽ നടന്ന പോരാട്ടത്തിൽ അൽ മുഗ്രാൻ ജില്ലയിലെ മൂന്ന് കെട്ടിടങ്ങളാണ് അഗ്നിക്കിരയായത്.
ജനറൽ അബ്ദൽ ഫത്തഹ് അൽ ബുർഹാൻ നേതൃത്വത്തിലുള്ള രാജ്യത്തിൻറെ സൈന്യവും ജനറൽ മുഹമ്മദ് ഹംദാൻ ദലഗോയുടെ നേതൃത്വത്തിലുള്ള ആർ എസ് എഫ് സേനയും തമ്മിലുള്ള സംഘർഷം ഏപ്രിൽ പകുതിയോടെ തുറന്ന പോരാട്ടത്തിലേക്ക് കടക്കുകയായിരുന്നു. പടിഞ്ഞാറൻ ഡാർഫർ മേഖലയിൽ സംഘർഷം വംശീയ അക്രമമായി മാറുകയായിരുന്നു.
ഐക്യരാഷ്ട്ര സഭയുടെ ആഗസ്റ്റിലെ കണക്കുകൾ പ്രകാരം സംഘർഷത്തിൽ 4000 ത്തിലധികം പേർ കൊല്ലപ്പെട്ടു. എന്നാൽ യഥാർത്ഥ കണക്കുകൾ ഇതിലും അധികമാണെന്നാണ് ആരോഗ്യവിദഗ്ധരും ആക്ടിവിസ്റ്റുകളും പറയുന്നത്.

