ന്യൂഡൽഹി: ‘പിഎം വിശ്വകർമ’ പദ്ധതിക്ക് തുടക്കം കുറിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. പരമ്പരാഗത കരകൗശല ത്തൊഴിലാളികൾക്ക് അവരുടെ വൈദഗ്ധ്യം വർധിപ്പിക്കുന്നതിനും എളുപ്പത്തിൽ വായ്പ ലഭ്യമാക്കുന്നതിനും വേണ്ടിയാണ് ഈ പദ്ധതി നടപ്പിലാക്കുന്നത്. രാവിലെ 11 മണിക്ക് ദ്വാരകയിലെ ഇന്ത്യ ഇന്റർനാഷണൽ കൺവെൻഷൻ ആൻഡ് എക്സ്പോ സെന്ററിൽ വെച്ചാണ് ഉദ്ഘാടന ചടങ്ങ് നടന്നത്.
മരപ്പണി, ഇരുമ്പ് പണി, സ്വർണ്ണപ്പണി, ലോഹപാത്രനിർമ്മാണം, മൺപാത്രനിർമ്മാണം, വിവിധ ഇനം കരകൗശലനിർമ്മാണം, മേസൻ, മത്സ്യബന്ധന വല നിർമ്മാണം, കൽപ്പണി, തയ്യൽ, ഫാഷൻ ഡിസൈനിംഗ്, കളിപ്പാട്ടനിർമ്മാണം, തുടങ്ങിയ മേഖലകളിൽ ജോലി ചെയ്യുന്ന കോടിക്കണക്കിന് തൊഴിലാളികൾക്കാണ് പദ്ധതി പ്രയോജനം ചെയ്യുക.
പണിസാധനങ്ങൾ വാങ്ങാനുള്ള ധനസഹായം, തൊഴിൽ പരിശീലനത്തിനുള്ള സഹായം, ചെറുകിട സംരംഭങ്ങൾ ആരംഭിക്കാൻ ഈടില്ലാതെ നാമമാത്രമായ പലിശയ്ക്ക് മൂന്നു ലക്ഷം രൂപ വരെ വായ്പ എന്നിവ ഈ പദ്ധതിയുടെ മുഖ്യ ആകർഷണങ്ങളാണ്. 13,000 കോടി രൂപയാണ് പദ്ധതിയ്ക്കായി മോദി സർക്കാർ നീക്കിവച്ചിരിയ്ക്കുന്നത്.
തുടക്കത്തിൽ ഒരു ലക്ഷം രൂപ വായ്പ നൽകുമെന്നും, പിന്നീട് രണ്ട് ലക്ഷം രൂപ അധികമായി വായ്പ നൽകാനുമാണ് സർക്കാർ തീരുമാനിച്ചിട്ടുള്ളത്. അഞ്ച് ശതമാനം നിരക്കിലാണ് വായ്പ നൽകുക. രാജ്യത്തുടനീളമുള്ള ഗ്രാമ – നഗര പ്രദേശങ്ങളിലെ കരകൗശല തൊഴിലാളികളെ പിന്തുണയ്ക്കുകയും അവരുടെ വൈദഗ്ധ്യം പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നതാണ് പദ്ധതി.

