തിരുവനന്തപുരം: പിഎസ്‌സിയുടെ പേരിൽ നിയമന തട്ടിപ്പ് നടത്തിയ സംഘത്തിലെ മുഖ്യപ്രതിയെ അറസ്റ്റ് ചെയ്ത് പോലീസ്. തൃശൂർ സ്വദേശിനി രശ്മിയാണ് അറസ്റ്റിലായത്. രശ്മി പോലീസിൽ കീഴടങ്ങുകയായിരുന്നു.
പരീക്ഷ എഴുതാതെ ജോലി നൽകാമെന്ന് പറഞ്ഞ് ഉദ്യോഗാർഥികളിൽ നിന്ന് പണം പിരിച്ചത് രശ്മിയുടെ നേതൃത്വത്തിലായിരുന്നു. കേസിലെ മറ്റൊരു മുഖ്യപ്രതിയായ രാജലക്ഷ്മിയ്ക്കായി അന്വേഷണം പുരോഗമിക്കുകയാണ്. പിഎസ്‌സിയുടെ വ്യാജ നിയമന ഉത്തരവ് നൽകി ഉദ്യോഗാർത്ഥികളിൽ നിന്ന് ലക്ഷങ്ങൾ തട്ടിയെന്നാണ് ഇവർക്കെതിരെയുള്ള കേസ്.
ആർ. രാജലക്ഷ്മി, വാവ അടൂർ എന്നിവർക്കെതിരെ പോലീസ് ലുക്കൗട്ട് നോട്ടീസ് പുറത്തിറക്കിയിട്ടുണ്ട്. ടൂറിസം, വിജിലൻസ്, ഇൻകംടാക്‌സ് എന്നീ ഡിപ്പാർട്ടുമെന്റുകളിൽ ക്ലർക്കായി നിയമം ലഭിച്ചുവെന്ന് വ്യാജ രേഖയുണ്ടാക്കിയാണ് സംഘം തട്ടിപ്പ് നടത്തിയത്. നാലു ലക്ഷം വീതം പണം നൽകിയവർ ഈ നിയമന ഉത്തരവുമായി പി.എസ്.എസി ആസ്ഥാനത്ത് എത്തിയതോടെയാണ് തട്ടിപ്പ് പുറത്തുവന്നത്. ഉന്നത ഉദ്യോഗസ്ഥരുടെ മേൽനോട്ടത്തിൽ പ്രത്യേക ടീമാണ് അന്വേഷണം നടത്തുന്നത്.

