തിരുവനന്തപുരം: സംസ്ഥാന ചലച്ചിത്ര പുരസ്‌കാര വേദിയിൽ അലൻസിയർ ലോപ്പസ് നടത്തിയ മറുപടി പ്രസംഗത്തിലെ കുറേയേറെ ഭാഗങ്ങൾ അങ്ങേയറ്റം നിന്ദ്യവും, സ്ത്രീവിരുദ്ധവും, അപലപനീയവുമായിരുന്നുവെന്ന് ഡബ്ല്യുസിസി. സ്ത്രീകൾക്കെതിരെയുള്ള അതിക്രമങ്ങളെയും സ്ത്രീവിരുദ്ധതയെയും ആഘോഷിക്കുന്ന പ്രവണതയെ ചലച്ചിത്ര മേഖല പ്രോത്സാഹിപ്പിക്കരുതെന്നുള്ള മുഖ്യമന്ത്രിയുടെ ഉദ്ഘാടന പ്രസംഗത്തെ പാടെ അട്ടിമറിക്കുന്നതായിരുന്നു അലൻസിയറുടെ വാക്കുകളെന്ന് സംഘടന ചൂണ്ടിക്കാട്ടി. ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പിലൂടെയായിരുന്നു ഡബ്ല്യുസിസി ഇക്കാര്യം അറിയിച്ചത്.
മാധ്യമങ്ങളും നിരീക്ഷകരുമുൾപ്പെടെ പലരും ഇതിനൊരു തിരുത്തൽ ആവ്യശ്യപ്പെട്ടിട്ടും, താനൊരു തെറ്റും ചെയ്തിട്ടില്ലെന്നുള്ള അലൻസിയറുടെ നിലപാടിനെ തങ്ങൾ അങ്ങേയറ്റം അപലപിക്കുന്നു. പൊതുസമൂഹത്തിനൊന്നടങ്കം മാതൃകയാകേണ്ട ഒരു സംസ്ഥാന ചലച്ചിത്ര പുരസ്‌കാര ജയതാവിൽ നിന്ന് സ്ത്രീസമൂഹത്തെയും കലാപ്രവർത്തകരെയും അടച്ചധിക്ഷേപിക്കുന്ന ഇത്തരം പ്രസ്താവനകളുണ്ടാവുക എന്നത്, ഇക്കാലമത്രയും സ്ത്രീകളുടെ ഉയർച്ചയ്ക്കായും അവരെ മുഖ്യധാരയിലേക്ക് കൊണ്ടുവരുന്നതിനായും മുന്നിട്ടിറങ്ങിയ കലാസാംസ്‌കാരിക പ്രവർത്തകരുടെ പ്രവർത്തനവഴികൾക്ക് തുരങ്കം വയ്ക്കുന്നതിന് തുല്യമാണെന്ന് സംഘടന വിമർശിച്ചു.
ഇത്തരം ‘സെക്‌സിസ്റ്റ്’ പ്രസ്താവനകൾ ഇതാദ്യമായല്ല അലൻസിയറിൽ നിന്നും ഉണ്ടാവുന്നത് എന്നതുകൊണ്ടുതന്നെ സിനിമാപ്രവർത്തകരുടെ ഇത്തരം വാക്കുകളെയും പ്രവൃത്തികളെയും സിനിമാ മേഖല കൂടുതൽ ഗൗരവതരമായിക്കണ്ട് ചെറുക്കേണ്ടതുണ്ടെന്നും ഡബ്ല്യുസിസി കൂട്ടിച്ചേർത്തു.

