പ്രതിരോധ രംഗത്തിന് ഇനി ഇരട്ടിക്കരുത്ത്; 45,000 കോടി രൂപയുടെ പദ്ധതിക്ക് അംഗീകാരം

ന്യൂഡൽഹി: പ്രതിരോധ രംഗത്തിന് കരുത്ത് പകരാൻ 45,000 കോടി രൂപയുടെ പദ്ധതിക്ക് അംഗീകാരം നൽകി ഡിഫൻസ് അക്വിസിഷൻ കൗൺസിൽ യുദ്ധവിമാനങ്ങളുൾപ്പെടെ കൂടുതൽ ആയുധങ്ങൾ വാങ്ങാനുള്ള പദ്ധതിയ്ക്കാണ് അംഗീകാരം ലഭിച്ചിട്ടുള്ളത്. പദ്ധതിയുടെ ഭാഗമായി 12 എസ്യു 30 എംകെഐ ഫൈറ്റർ ജെറ്റുകൾ, ദ്രുവാസ്ത്ര മിസൈൽ, ഡ്രോണിയർ എയർ ക്രാഫ്റ്റ് തുടങ്ങിയവയാണ് സൈന്യത്തിന്റെ ഭാഗമാകുന്നത്. ഹിന്ദുസ്ഥാൻ എയറോനോട്ടിക്‌സ് ആണ് 12 എസ്യു-30 എംകെഐ വിമാനങ്ങൾ നിർമ്മിക്കുന്നത്. പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ് അധ്യക്ഷനായ സമിതി 9 പദ്ധതികൾക്കാണ് അംഗീകാരം നൽകിയിട്ടുള്ളത്.

അത്യാധുനിക സംവിധാനങ്ങൾ വിമാനത്തിലുണ്ടാകും. വിമാനത്തിന്റെ 60 ശതമാനം ഭാഗങ്ങളും തദ്ദേശീയമായി നിർമിച്ചതായിരിക്കും. ഇന്ത്യൻ നേവിക്കായി നെക്സ്റ്റ് ജെനറേഷൻ സർവെ വെസലുകൾ വാങ്ങുന്നതിനും അംഗീകാരം ലഭിച്ചിട്ടുണ്ട്. ലൈറ്റ് ആർമഡ് മൾട്ടി പർപസ് വെഹിക്കിൾ (എൽഎംവി), ഇന്റഗ്രേറ്റഡ് സർവയലൻസ് ആൻഡ് ടാർഗെറ്റിങ് സിസ്റ്റം (ഐഎസ്എടി-എസ്) എന്നിവയും തുടങ്ങിയ വാങ്ങാനും അംഗീകാരം നൽകിയിട്ടുണ്ട്.

അതേസമയം, ആത്മനിർഭർ ഭാരതിന്റെ ഭാഗമായി ഇന്ത്യൻ പ്രതിരോധമേഖലയ്ക്ക് കരുത്ത് പകരുന്നതിന് ഇന്ത്യൻ നിർമിത വസ്തുക്കൾ ഉപയോഗിച്ചായിരിക്കും നിർമാണം. 50 ശതമാനം ഇന്ത്യൻ നിർമിത വസ്തുക്കൾ എന്നത് 65 ശതമാനമാക്കി ഉയർത്തുകയാണ് ലക്ഷ്യമെന്ന് പ്രതിരോധ മന്ത്രാലയം അറിയിച്ചു.