മുംബൈ: ഉപഭോക്താക്കൾ വായ്പ മുഴുവനും തിരിച്ചടച്ചാൽ ഉടൻ തന്നെ അതുമായി ബന്ധപ്പെട്ട് നൽകിയ വസ്തുവകകളുടെ രേഖകൾ തിരികെ നൽകണമെന്ന് ബാങ്കുകൾക്ക് നിർദ്ദേശം നൽകി റിസർവ് ബാങ്ക് ഓഫ് ഇന്ത്യ. വായ്പ മുഴുവനും തിരിച്ചടച്ചശേഷം 30 ദിവസത്തിനുള്ളിലാണ് വസ്തുവകകളുടെ രേഖകൾ തിരികെ നൽകേണ്ടതെന്നാണ് ആർബിഐ വ്യക്തമാക്കുന്നത്. ഇതിൽ വീഴ്ച വരുത്തിയാൽ ദിവസം 5000 രൂപ വെച്ച് വായ്പയെടുത്തയാൾക്ക് നൽകണമെന്നാണ് ആർബിഐ ആവശ്യപ്പെട്ടിട്ടുള്ളത്.
ലോൺ നൽകിയ ശാഖയിലോ ബാങ്കിന്റെ മറ്റ് ശാഖകളിലോ രേഖകൾ സൂക്ഷിക്കുന്നത് വായ്പയെടുക്കുന്നയാളുടെ ഇഷ്ടാനുസരണം വേണമെന്ന് ബാങ്കുകൾക്കും മറ്റ് ധനകാര്യ സ്ഥാപനങ്ങൾക്കും നിർദേശം നൽകിയിട്ടുണ്ട്. ഈ രേഖകൾ ഭാഗികമായോ മുഴുവനുമായോ നഷ്ടമായാൽ അവയുടെ പകർപ്പുകൾ നേടിയെടുക്കാൻ സഹായിക്കണമെന്നും അതുമായി ബന്ധപ്പെട്ട ചെലവുകൾ വഹിക്കണമെന്നും ആർബിഐ വ്യക്തമാക്കി.
ഇത്തരത്തിലുള്ള സാഹചര്യം ഉണ്ടാകുകയാണെങ്കിൽ 30 ദിവസം കൂടി ബാങ്കുകൾക്ക് അധിക സമയമെടുക്കാം. 60 ദിവസത്തിന് ശേഷമായിരിക്കും ഇത്തരം കേസുകളിൽ നഷ്ടപരിഹാരം കണക്കാക്കുന്നത്.

