പുരാവസ്തു തട്ടിപ്പ് കേസ്; കെ സുധാകരനെ ഇഡി ഇന്ന് ചോദ്യം ചെയ്യും

കൊച്ചി: കെപിസിസി അധ്യക്ഷൻ കെ സുധാകരനെ എൻഫോഴ്‌സ്‌മെന്റ് ഇന്ന് ചോദ്യം ചെയ്യും. പുരാവസ്തു തട്ടിപ്പ് കേസുമായി ബന്ധപ്പെട്ടാണ് ചോദ്യം ചെയ്യൽ. രാവിലെ 11മണിയ്ക്ക് സുധാകരൻ ഇഡിയ്ക്ക് മുന്നിൽ ഹാജരാകും. കെ സുധാകരൻ ഇത് രണ്ടാം തവണയാണ് ഇഡിക്ക് മുന്നിൽ ഹാജരാകുന്നത്.

പുതുപ്പള്ളി തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ചുമതലകളുള്ളതിനാൽ മറ്റൊരു ദിവസം അനുവദിക്കണമെന്നാവശ്യപ്പെട്ട് നേരത്തെ ഇഡിയ്ക്ക് സുധാകരൻ കത്ത് നൽകിയിരുന്നു. സെപ്റ്റംബർ 5 ന് ശേഷം എപ്പോൾ വേണമെങ്കിലും ഹാജരാകാമെന്നും അദ്ദേഹം ഇഡിയെ അറിയിച്ചിരുന്നു. 2018ൽ മോൻസൺ മാവുങ്കലിന്റെ കലൂരിലെ വീട്ടിൽ വെച്ച് കെ സുധാകരൻ 10 ലക്ഷം രൂപ കൈപ്പറ്റിയെന്ന് മോൻസന്റെ മുൻ ജീവനക്കാരൻ ജിൻസൺ മൊഴി നൽകിയിരുന്നു.

സമാനമായ ആരോപണം പരാതിക്കാരായ അനൂപ് അഹമ്മദും ഇഡിയ്ക്ക് നൽകിയ പരാതിയിൽ ഉന്നയിച്ചിരുന്നു. തുടർന്നാണ് സുധാകരനെ ഇഡി ചോദ്യം ചെയ്യുന്നത്.