ഡൽഹി : ദീപാവലി ആഘോഷത്തിൽ ഡൽഹിയിൽ എല്ലാത്തരം പടക്കങ്ങളുടെയും വിൽപ്പന, സംഭരണം, ഉൽപ്പാദനം, ഉപയോഗം എന്നിവയ്ക്ക് നിരോധനം ഏർപ്പെടുത്തിയതായി ഡൽഹി സർക്കാർ അറിയിച്ചു. ശൈത്യകാലത്ത് മലിനീകരണ തോത് കുറയ്ക്കാനാണ് തീരുമാനം. പശ്ചാത്തലാത്തിലാണ് പരിസ്ഥിതി മന്ത്രി ഗോപാൽ റായി ദീപാവലി ആഘോഷത്തിൽ പടക്കത്തിന് നിരോധനം ഏർപെടുത്തിയത്.
നഗരത്തിലുടനീളം നിരോധനം നടപ്പാക്കാൻ ഡൽഹി പോലീസിന് കർശന നിർദ്ദേശം നൽകുമെന്ന് റായ് മാധ്യമങ്ങളോട് പറഞ്ഞു. കഴിഞ്ഞ മൂന്ന് വർഷമായി ഡൽഹി സർക്കാർ ഈ നിരോധനം തുടരുകയാണ്. കഴിഞ്ഞ കുറച്ച് വർഷങ്ങളായി ഡൽഹിയുടെ വായുവിന്റെ ഗുണനിലവാരം ഗണ്യമായി മെച്ചപ്പെട്ടിട്ടുണ്ടെന്ന് റായ് പറഞ്ഞു. വായുവിന്റെ ഗുണനിലവാരം ഇനിയും മെച്ചപ്പെടുത്തേണ്ടതുണ്ടെന്ന് പറഞ്ഞ റായ് പടക്കങ്ങൾക്ക് ലൈസൻസ് നൽകരുതെന്ന് എൻസിആർ സംസ്ഥാനങ്ങളിലെ അധികാരികളോട് അഭ്യർത്ഥിക്കുകയും ചെയ്തു.
ദീപാവലി ആഘോഷവേളയിൽ ജനങ്ങളുടെ സുരക്ഷക്കാണ് പ്രാധാന്യനൽകേണ്ടത് എന്നും ജീവൻ രക്ഷിക്കാനുള്ള കൂട്ടായ പരിശ്രമത്തിന് സഹകരണത്തിന് ഡൽഹിയിലെ ജനങ്ങളോട് അദ്ദേഹം അഭ്യർത്ഥിക്കുകയും ചെയ്തു. ദീപങ്ങളും വിളക്കുകളും തെളിച്ച് ഡൽഹിക്കാർ ദീപാവലി ആഘോഷിക്കുമെന്നും അദ്ദേഹം പറഞ്ഞു. ദീപാവലി അടുത്തതിനാൽ ശീതകാല പ്രവർത്തന പദ്ധതി നടപ്പിലാക്കുന്നതിനായി സർക്കാർ അധികാരികൾ മലിനീകരണ ഹോട്ട്‌സ്‌പോട്ടുകളുടെ നിരീക്ഷണം ആരംഭിച്ചിട്ടുണ്ടെന്നും റായ് കൂട്ടിച്ചേർത്തു.
കഴിഞ്ഞ വർഷം ദീപാവലി സമയത്ത് പടക്കം പൊട്ടിക്കുന്നവർക്ക് 200 രൂപ പിഴയും ആറ് മാസം തടവും ഡൽഹി സർക്കാർ വിധിച്ചിരുന്നു. ഡൽഹിയിൽ പടക്കങ്ങൾ സൂക്ഷിക്കുന്നതും വിൽക്കുന്നതും ഉൽപ്പാദിപ്പിക്കുന്നതും 5000 രൂപ പിഴയും സ്‌ഫോടകവസ്തു നിയമത്തിലെ സെക്ഷൻ 9 ബി പ്രകാരം മൂന്ന് വർഷം തടവും ലഭിക്കുമെന്ന് സർക്കാർ മുന്നറിയിപ്പ് നൽകി.
ലോകത്തിലെ ഏറ്റവും മലിനമായ തലസ്ഥാനമാണ് ഡൽഹി. നഗരത്തിലെ ഉയർന്ന മലിനീകരണ തോതിന് ട്രാഫിക് പുക, പൊതു കാലാവസ്ഥാ രീതികൾ എന്നിവ കാരണമാവുന്നു.
ദീപാവലി സമയത്ത് പടക്കങ്ങൾ വായുവിന്റെ ഗുണനിലവാരം മോശമാക്കുന്നു വൻ തോതിലുള്ള വായു മലിനീകരണത്തിനും കാരണമാവുന്നു വർഷത്തിലെ ഈ സമയത്ത് നഗരം മുഴുവൻ മൂടുന്ന രീതിയിൽ പുകമഞ്ഞ് അന്തരീക്ഷത്തിൽ നിറയാറുണ്ട്. അതുകൊണ്ട് തന്നെ കടുത്ത നിയന്ത്രണത്തിലാണ് ദീപാവലി ആഘോഷങ്ങൾ നടക്കുക.

