ന്യൂഡൽഹി: മണിപ്പൂർ കലാപവുമായി ബന്ധപ്പെട്ടുള്ള റിപ്പോർട്ടിൽ എഡിറ്റേഴ്സ് ഗിൽഡിന് സംരക്ഷണവുമായി സുപ്രീം കോടതി. എഡിറ്റേഴ്‌സ് ഗിൽഡിന്റെ മൂന്നു മാധ്യമപ്രവർത്തകർക്കെതിരെ മണിപ്പുർ സർക്കാർ രജിസ്റ്റർ ചെയ്ത കേസുകളിലുള്ള അറസ്റ്റ് കോടതി തടഞ്ഞിരിക്കുകയാണ്. ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ്, ജസ്റ്റിസുമാരായ ജെ ബി പർദിവാല, മനോജ് മിശ്ര എന്നിവരടങ്ങിയ ബെഞ്ചിന്റേതാണ് നടപടി.
സെപ്റ്റംബർ 11 വരെ എഫ്‌ഐആറുകളിൽ നിർബന്ധിത നടപടികളൊന്നും സ്വീകരിക്കരുതെന്നാണ് കോടതി നൽകിയിരിക്കുന്ന നിർദ്ദേശം. മണിപ്പുർ കലാപത്തിൽ സംസ്ഥാന സർക്കാർ ഏകപക്ഷീയമായി മെയ്തെയ് വിഭാഗത്തിനൊപ്പം നിന്നുവെന്നായിരുന്നു എഡിറ്റേഴ്സ് ഗിൽഡ് ഓഫ് ഇന്ത്യ നിയോഗിച്ച വസ്തുതാന്വേഷണ സമിതിയുടെ കണ്ടെത്തൽ. ഇംഫാലിലെ പത്രങ്ങൾ ഒട്ടേറെ വ്യാജവാർത്തകൾ പ്രസിദ്ധീകരിച്ചതായും സമിതി കണ്ടെത്തിയിരുന്നു. ഈ റിപ്പോർട്ട് തയ്യാറാക്കിയ അംഗങ്ങൾക്കെതിരെയാണ് തേസെടുത്തിരിക്കുന്നത്.
സംസ്ഥാനത്ത് ഇന്റർനെറ്റ് നിരോധനം വിപരീതഫലമാണ് ഉണ്ടാക്കിയതെന്നും ഇംഫാലിലെ മാധ്യമങ്ങൾ കുക്കി വിരുദ്ധവികാരം സൃഷ്ടിച്ചെന്നും ഈ സമിതി തയ്യാറാക്കിയ റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടിയിരുന്നു.

