ആക്‌സസ് കൺട്രോൾ സംവിധാനം; മാർഗ നിർദേശങ്ങൾ പുറപ്പെടുവിച്ച് സർക്കാർ

തിരുവനന്തപുരം: ആക്‌സസ് കൺട്രോൾ സംവിധാനത്തിൽ കൂടുതൽ മാർഗ നിർദേശങ്ങൾ പുറപ്പെടുവിച്ച് സർക്കാർ. സെക്രട്ടേറിയറ്റിലെ ജീവനക്കാർ കൃത്യമായി ജോലിചെയ്യുന്നുണ്ടോ എന്ന് ഉറപ്പുവരുത്തുന്നതിനായി ഏർപ്പെടുത്തിയ സംവിധാനമാണിത്. ആക്‌സസ് കൺട്രോൾ സംവിധാനം ഫലപ്രദമായി ഉപയോഗിക്കുന്നതിന്റെ ഭാഗമായാണ് പുതിയ നിർദേശങ്ങൾ സർക്കാർ പുറപ്പെടുവിച്ചത്.

സെക്രട്ടറിയേറ്റിലെത്തുന്ന സന്ദർശകരിൽ നിന്ന് തിരിച്ചറിയിൽ കാർഡ് വിഎഫ്‌സിയിൽ വാങ്ങി ആക്‌സസ് കൺട്രോൾ കാർഡ് നൽകണം. കാർഡ് നഷ്ടമായാൽ 500 രൂപ ഫൈൻ ഈടാക്കുമെന്നാണ് മാർഗനിർദ്ദേശത്തിൽ വ്യക്തമാക്കുന്നത്. യഥാർഥ തിരിച്ചറിയൽ കാർഡില്ലാതെ ആരെങ്കിലും വന്നാൽ പ്രസ്തുത വ്യക്തി ആരെയാണോ കാണാൻ വന്നത് അവരുടെ ഉറപ്പിന്മേൽ മാത്രം കാർഡ് അനുവദിക്കണം. ജീവനക്കാർ സെക്രട്ടേറിയറ്റിൽ പ്രവേശിക്കുന്നതും പുറത്തു പോകുന്നതും ആക്‌സസ് കൺട്രോൾ സംവിധാനം വഴി മാത്രമായിരിക്കണമെന്നാണ് നിർദ്ദേശത്തിൽ പറയുന്നത്.

ആക്‌സസ് കൺട്രോൾ സിസ്റ്റം വഴി അകത്തു കയറേണ്ടത് ഒരു സമയത്ത് ഒരാൾ മാത്രമായിരിക്കണം. സെക്രട്ടേറിയറ്റ് ഇതര ജീവനക്കാർക്കും പൊതുമരാമത്തു വകുപ്പിന്റെ വിവിധ വിഭാഗങ്ങൾക്കും നൽകിയിരിക്കുന്ന ആക്‌സസ് കൺട്രോൾ കാർഡ് ദുരുപയോഗം ചെയ്യുന്നുണ്ടോ എന്ന് ഉറപ്പുവരുത്താൻ അതതു വിഭാഗങ്ങളിലെ മേധാവികൾക്ക് ചുമതല നൽകുകയും വേണം.

സെപ്റ്റംബർ 30 വരെ ആക്‌സസ് കൺട്രോൾ സംവിധാനം വഴി സെക്രട്ടേറിയറ്റിൽ പ്രവേശിക്കുന്നവരുടെ ഡേറ്റ കെൽട്രോൺ സംവിധാനം വഴി ഉറപ്പാക്കേണ്ടതാണ്. സംവിധാനത്തിന് കേടുപാടുകൾ വരുത്തുന്ന രീതിയിലുള്ള പ്രവർത്തനങ്ങൾ ചില ജീവനക്കാരുടെ ഭാഗത്തു നിന്ന് ഉണ്ടാകുന്നു. ഇവർക്കെതിരെ അച്ചടക്ക നടപടി സ്വീകരിക്കുമെന്നാണ് സർക്കാരിന്റെ നിർദ്ദേശം.