കൊച്ചി: തൃശൂർ കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പുമായി ബന്ധപ്പെട്ട് അറസ്റ്റിലായ പ്രതികളെ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ കസ്റ്റഡിയിൽ വിട്ടു. നാലു ദിവസത്തേക്കാണ് കസ്റ്റഡി കാലാവധി. പി സതീഷ് കുമാറിനേയും പി പി കിരണിനേയുമാണ് കസ്റ്റഡിയിൽ വിട്ടത്. കലൂരിലെ കോടതിയിലാണ് ഇരുവരെയും ഹാജരാക്കിയത്.
കഴിഞ്ഞ ദിവസമാണ് ഇഡി കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പുമായി ബന്ധപ്പെട്ട് പി സതീഷ്‌കുമാറിനെയും പി പി കിരണിനെയും അറസ്റ്റ് ചെയ്തത്. കിരണിന് ബാങ്കിൽ അംഗത്വം പോലുമില്ല. ഇയാൾക്ക് വായ്പനൽകാൻ പാവപ്പെട്ടവരായ ഒട്ടേറെപ്പേരുടെ രേഖകൾ ഉപയോഗപ്പെടുത്തിയിരുന്നുവെന്നാണ് എൻഫോഴ്‌സ്‌മെന്റ് കണ്ടെത്തിയത്. അവർ പോലുമറിയാതെയാണ് ആ രേഖകൾ ഈടായി സ്വീകരിച്ച് ബാങ്ക് വായ്പ നൽകിയത്.
പി പി. കിരണിന് ചട്ടങ്ങൾക്ക് വിരുദ്ധമായി 19,873 എന്ന നമ്പറിൽ അംഗത്വം നൽകി. ബാങ്കിൽനിന്ന് കിരണിന് 24.56 കോടി രൂപ വായ്പയെന്ന നിലയിൽ ലഭിച്ചുവെന്നും ഇഡി കോടതിയെ അറിയിച്ചു. സാധാരണക്കാരായ 51 പേരുടെ രേഖകൾ അവർ പോലുമറിയാതെ ഈടുവെച്ചാണ് ഇത്രയും തുക കിരണിന് ബാങ്ക് നൽകിയത്. ഇതിന്റെ പലിശയുൾപ്പെടെ 48.57 കോടി രൂപയാണ് ബാങ്കിന് തിരികെ ലഭിക്കാനുള്ളത്.
അതേസമയം, കേസിൽ മുൻമന്ത്രി എ സി മൊയ്തീന് വീണ്ടും ചോദ്യം ചെയ്യലിനായി ഇഡി നോട്ടീസ് നൽകിയിട്ടുണ്ട്.

