അമ്മ ജന്മവും അധ്യാപകര്‍ ജീവിതവും നല്‍കുന്നു: അധ്യാപകര്‍ക്ക് ആശംസകളുമായി മോദി.

ഇന്ന് സെപ്റ്റംബർ 5 ദേശിയ അധ്യാപകദിനം. ഈ ദിനത്തിൽ അധ്യാപകര്‍ക്ക് ആശംസയറിയിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. മികച്ച അധ്യാപകര്‍ക്കുള്ള ദേശീയപുരസ്‌കാരം നേടിയ അധ്യാപകരുമായി അദ്ദേഹം സംവദിച്ചു. അമ്മ ജന്മവും അധ്യാപകര്‍ ജീവിതവും നല്‍കുന്നു എന്ന് പറഞ്ഞ അദ്ദേഹം അധ്യാപകരുടെ സേവനത്തെ അഭിനന്ദിച്ചു. സോഷ്യൽ മീഡിയ പ്ലാറ്റഫോമിലൂടെയാണ് അദ്ദേഹം അധ്യാപകദിനത്തിൽ ആശംസകൾ അറിയിച്ചത്.

ഡല്‍ഹിയിലെ ലോക് കല്യാണ്‍ മാര്‍ഗിലെ വസതിയില്‍ വിജയികളുമായി സംവദിക്കുന്നതിന്റെ വീഡോയോ മോദി സോഷ്യൽ മീഡിയ പ്ലാറ്റഫോം ആയ എക്‌സില്‍ പങ്കുവെച്ചു. കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ഉൾപ്പെടെ ഉള്ളവർ പരിപാടിയിൽ പങ്കെടുത്തു. രാജ്യത്തുള്ള 75 അധ്യാപകര്‍ക്കാണ് ദേശീയ പുരസ്‌കാരം ലഭിച്ചത്. അധ്യാപകദിനത്തില്‍ രാഷ്ട്രപതി ദ്രൗപതി മുര്‍മു പുരസ്‌കാരങ്ങള്‍ വിതരണം ചെയ്യും.

നമ്മുടെ ഭാവി കെട്ടിപ്പടുക്കുന്നതിലും സ്വപ്നങ്ങളെ പ്രചോദിപ്പിക്കുന്നതിലും അധ്യാപകര്‍ സുപ്രധാന പങ്ക് വഹിക്കുന്നു. അധ്യാപകരുടെ അചഞ്ചലമായ സമര്‍പ്പണത്തെയും. സ്വാധീനത്തെയും സല്യൂട്ട് ചെയ്യുകയാണ് ഞങ്ങള്‍ എന്നും അദ്ദേഹം ആധ്യാപകദിനാശംസകൾക്കൊപ്പം എക്‌സില്‍ കുറിച്ചു.