ദുരിതാശ്വാസ നിധിയുടെ ദുരുപയോഗം; ഉപലോകായുക്തമാരെ വിധി പറയുന്നതിൽ നിന്നും ഒഴിവാക്കണമെന്ന് ഹർജി

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയുടെ ദുരുപയോഗം സംബന്ധിച്ച് ലോകായുക്തയിൽ ഫയൽ ചെയ്തിട്ടുള്ള ഹർജിയിൽ വിധിപറയുന്നതിൽ നിന്ന് ഉപലോകായുക്തമാരായ ജസ്റ്റിസ് ഹരുൺ അൽ റഷീദ്, ജസ്റ്റിസ് ബാബു മാത്യു പി. ജോസഫ് എന്നിവരെ ഒഴിവാക്കണമെന്നാവശ്യപ്പെട്ട് ഇടക്കാല ഹർജി ഫയൽ ചെയ്ത് പരാതിക്കാരൻ ആർ എസ് ശശി കുമാർ. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയുടെ ദുരുപയോഗം സംബന്ധിച്ച് ലോകായുക്തയിൽ ഫയൽ ചെയ്തിട്ടുള്ള ഹർജിയിൽ മുഖ്യമായി പരാമർശിച്ചിട്ടുള്ള സിപിഎമ്മിന്റെ മുൻ എംഎൽഎയുടെ ജീവചരിത്രം പ്രകാശനം ചെയ്യുകയും അദ്ദേഹത്തെ പ്രകീർത്തിച്ചുകൊണ്ട് ഓർമ്മക്കുറിപ്പുകൾ എഴുതി പ്രസിദ്ധീകരിക്കുകയും ചെയ്ത ഉപലോകായുക്തമാർക്ക് ഹർജ്ജിയിൽ നിഷ്പക്ഷ വിധിന്യായം നടത്താൻ സാധിക്കില്ലെന്ന് ഹർജിയിൽ ചൂണ്ടിക്കാട്ടുന്നു.

വിധിന്യായം പുറപ്പെടുവിക്കുന്നതിനു മുമ്പ്, നീതിന്യായപീഠത്തിന്റെ നിഷ്പക്ഷതയ്ക്ക് കളങ്കമുണ്ടാക്കുന്ന നടപടികൾ ലോകയുക്തയുടെ ശ്രദ്ധയിൽപെടുത്തുന്നതിനാണ് ഇടക്കാല ഹർജ്ജി ഫയൽ ചെയ്തിരിക്കുന്നതെന്ന് ഹർജിക്കാരൻ അറിയിച്ചു. സത്യവാങ്മൂലത്തോടൊപ്പം അഭിഭാഷകനായ പി സുബൈർകുഞ്ഞ് മുഖേനയാണ് ഹർജി സമർപ്പിച്ചത്.

ദുരിതാശ്വാസനിധിയിൽ നിന്ന് അനർഹമായ ആനുകൂല്യം കുടുംബത്തിന് ലഭിച്ചതായി ഹർജിയിൽ പരാമർശിച്ചിട്ടുള്ള പരേതനായ ചെങ്ങന്നൂർ മുൻ എംഎൽഎയും സിപിഎം നേതാവുമായിരുന്ന കെ കെ രാമചന്ദ്രൻ നായരുമായി ഉപലോകയുക്തമാർക്ക് വിദ്യാർഥി രാഷ്ട്രീയ കാലംമുതൽ അടുത്ത സുഹൃദ്ബന്ധമുണ്ടെന്ന വിവരം ഹർജ്ജിയിൽ വാദം പൂർത്തിയായ ശേഷമാണ് ബോധ്യപ്പെട്ടത്. അദ്ദേഹത്തിന്റെ ജീവചരിത്ര സ്മരണികയിൽ ഉപലോകയുക്തമാർ രണ്ടുപേരും ഓർമ്മക്കുറിപ്പുകൾ എഴുതിയതും ജീവചരിത്രഗ്രന്ഥം പ്രകാശനം ചെയ്തതും മറച്ചുവെച്ച് ഹർജിയിൽ ഇവർ വാദംകേട്ടത് നീതിപീഠത്തിന്റെ ഔന്നിത്യവും നിഷ്പക്ഷതയും ധാർമികതയും നഷ്ടപ്പെടുത്തിയെന്നും പരാതിക്കാരൻ ഹർജിയിൽ വിശദമാക്കിയിട്ടുണ്ട്.