തിരുവനന്തപുരം: മുൻ ഡിഐജി എസ് സുരേന്ദ്രന്റെ ഭാര്യയ്ക്ക് നോട്ടീസ് നൽകി ക്രൈംബ്രാഞ്ച്. വ്യാജ പുരാവസ്തു തട്ടിപ്പു കേസുമായി ബന്ധപ്പെട്ടാണ് നടപടി. വെള്ളിയാഴ്ച ചോദ്യം ചെയ്യലിന് ഹാജരാകണമെന്നാണ് നോട്ടീസിൽ ആവശ്യപ്പെട്ടിട്ടുള്ളത്.
സുരേന്ദ്രന്റെ വീട്ടിൽ വെച്ച് സാമ്പത്തിക ഇടപാടുകൾ നടന്നിട്ടുണ്ടെന്ന് മൊഴി ലഭിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് ചോദ്യം ചെയ്യൽ നടത്തുന്നത്. എസ്. സുരേന്ദ്രനും കുടുംബവും പുരാവസ്തു തട്ടിപ്പുകേസ് പ്രതി മോൻസണുമായി വളരെ അടുപ്പം പുലർത്തിയിരുന്നു. ഇവർ തമ്മിൽ വലിയ സാമ്പത്തിക ഇടപാടുകൾ ഉണ്ടായിരുന്നുവെന്നും റിപ്പോർട്ടുകളുണ്ട്.
എസ് സുരേന്ദ്രനെ ആദ്യഘട്ടത്തിൽ കേസിൽ പ്രതി ചേർത്തിരുന്നു. പിന്നീട് സുരേന്ദ്രന്റെ ഭാര്യ ബിന്ദുലേഖയെ കൂടി പ്രതി ചേർത്തു. ഇവരെ അറസ്റ്റ് ചെയ്യുന്നത് അടക്കമുള്ള നടപടികളിലേക്ക് ക്രൈംബ്രാഞ്ച് കടക്കുമെന്ന വിവരം പുറത്തു വരുന്നുണ്ട്. അതേസമയം, മോൻസണ് വ്യാജപുരാവസ്തുക്കൾ കൈമാറിയ ശില്പി സന്തോഷിനേയും ക്രൈം ബ്രാഞ്ച് ചോദ്യം ചെയ്‌തേക്കുമെന്നാണ് വിവരം.

