ഓണത്തിന് മുൻപ് മുഴുവൻ കർഷകർക്കും തുക കൈമാറുന്നതിനു ബാങ്കുകൾക്ക് കഴിഞ്ഞില്ല; ജി ആർ അനിൽ

തിരുവനന്തപുരം: 2022-23 സീസണിൽ കർഷകരിൽ നിന്ന് സംഭരിച്ച 7,31,184 ടൺ നെല്ലിന്റെ വില ഓണത്തിന് മുൻപ് പൂർണമായി കൊടുത്തുതീർക്കുക എന്ന ലക്ഷ്യത്തോടെയാണ് 280 കോടി രൂപ ബാങ്കിങ് കോൺസർഷ്യത്തിൽ നിന്നും രണ്ടാമതും വായ്പ എടുക്കുന്നതിനു ധാരണപത്രം ഒപ്പുവച്ചതെന്ന് ഭക്ഷ്യമന്ത്രി ജി ആർ അനിൽ. എന്നാൽ ഓണത്തിന് മുൻപ് മുഴുവൻ കർഷകർക്കും തുക കൈമാറുന്നതിനു ബാങ്കുകൾക്ക് കഴിഞ്ഞില്ലെന്ന് അദ്ദേഹം വ്യക്തമാക്കി.

ശനിയാഴ്ച 2830 കർഷകർക്കായി കാനറാ ബാങ്ക് 15 കോടി രൂപ വിതരണം ചെയ്തു. 486 കർഷകർക്കായി 57.32 കോടി രൂപ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ വിതരണം ചെയ്തു. ഞായറാഴ്ച ബാങ്ക് അവധിയാണെങ്കിലും കർഷകർക്ക് തുക വിതരണം ചെയ്യുന്നതിനായി സ്റ്റേറ്റ് ബാങ്കിന്റെ ബന്ധപ്പെട്ട ശാഖകൾ തുറന്നു പ്രവർത്തിക്കും. തിങ്കളാഴ്ചയോടെ 40 കോടി രൂപ കൈമാറുമെന്നു സ്റ്റേറ്റ് ബാങ്ക് അറിയിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.