കോടീശ്വരൻമാരുടെ ക്ഷേമത്തിന് വേണ്ടി മാത്രമാണ് ബിജെപി സർക്കാർ പ്രവർത്തിക്കുന്നത്; രാഹുൽ ഗാന്ധി

ന്യൂഡൽഹി: കേന്ദ്ര സർക്കാരിനെതിരെ ആഞ്ഞടിച്ച് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. രാജ്യത്തെ രണ്ടു മൂന്ന് കോടീശ്വരൻമാരുടെ ക്ഷേമത്തിന് വേണ്ടി മാത്രമാണ് ബിജെപി സർക്കാർ പ്രവർത്തിക്കുന്നതെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. വരാനിരിക്കുന്ന എല്ലാ തിരഞ്ഞെടുപ്പുകളിലും ജനങ്ങൾ വോട്ടുചെയ്യുക അദാനിയുടെ സർക്കാരിനല്ല, പാവപ്പെട്ട ജനങ്ങളുടെ സർക്കാരിനായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

അദാനി ഗ്രൂപ്പിനെതിരേ ഉയർന്ന പുതിയ നിക്ഷേപ ക്രമക്കേടിൽ എന്തുകൊണ്ടാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി അന്വേഷണം പ്രഖ്യാപിക്കാത്തതെന്നും അദ്ദേഹം ചോദിക്കുന്നു. റായ്പൂരിലെ പാർട്ടി റാലിയെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം. കോൺഗ്രസ് മുന്നോട്ടുവെച്ച പ്രത്യയശാസ്ത്രത്തിന്റെ വിജയമാണ് കർണാടകയിൽ ലഭിച്ചത്. ജനങ്ങളെ ഭിന്നിപ്പിക്കുകയും വെറുപ്പും അക്രമണവും പ്രചരിപ്പിക്കുകയുമാണ് ബിജെപിയുടെ ആശയം. എന്നാൽ ജനങ്ങളെ ഒന്നിപ്പിച്ച് വെറുപ്പിന്റെ ചന്തയിൽ സ്നേഹത്തിന്റെ കടകൾ തുറക്കുക എന്നതാണ് തങ്ങളുടെ ആശയം. ബിജെപി വെറുപ്പ് പടർത്തുന്ന ഇടങ്ങളെ ഒന്നിപ്പിക്കുകയാണ് ലക്ഷ്യം. അത് മണിപ്പൂരോ അസമോ അല്ലെങ്കിൽ കർണാടകയോ ആകട്ടെ. കർണാടകയിലെ ജനങ്ങൾക്ക് തിരഞ്ഞെടുപ്പിന് മുമ്പ് തങ്ങൾ അഞ്ച് വാഗ്ദാനങ്ങൾ നൽകി. അവിടെയുള്ള മുഴുവൻ പാവപ്പെട്ട ജനങ്ങളും തങ്ങൾക്ക് പിന്തുണ നൽകാൻ പൂർണ ശക്തിയോടെ രംഗത്തിറങ്ങിയെന്ന് രാഹുൽ ചൂണ്ടിക്കാട്ടി.

രാജ്യത്തെ കർഷകർക്കും തൊഴിലാളികൾക്കും ചെറുകിട വ്യാപാരികൾക്കും വേണ്ടിയാണ് കോൺഗ്രസ് പ്രവർത്തിക്കുന്നത്. എന്നാൽ, രണ്ടുമൂന്ന് കോടീശ്വരൻമാർക്ക് വേണ്ടി മാത്രമാണ് ബിജെപി പ്രവർത്തിക്കുന്നത്. അദാനിക്കെതിരേ എന്തുകൊണ്ടാണ് അന്വേഷണം നടത്താത്തതെന്ന് രാജ്യത്തോടും ഛത്തീസ്ഗഢിലെ യുവാക്കളോടും മോദി വ്യക്തമാക്കണമെന്നും രാഹുൽ ഗാന്ധി കൂട്ടിച്ചേർത്തു.