തിരുവനന്തപുരം: സംസ്ഥാന സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി കേന്ദ്രമന്ത്രി വി മുരളീധരൻ. ഓണക്കിറ്റ് മുതൽ നെല്ലുവില വരെ എന്തിനും ഏതിനും കേന്ദ്രത്തെ പഴിചാരി രക്ഷപ്പെടാൻ നോക്കരുതെന്ന് അദ്ദേഹം പറഞ്ഞു. സംസ്ഥാനത്തെ നെൽ കർഷകർക്ക് സംഭരണത്തുക നൽകാത്തതിന് കാരണം കേന്ദ്രസഹായം ലഭിക്കാത്തതു കൊണ്ടാണെന്ന കൃഷിമന്ത്രി പി പ്രസാദിന്റെ പ്രസ്താവനക്കെതിരെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
നെല്ലിന്റെ കണക്ക് കൊടുത്തിട്ടും കുടിശ്ശിക കിട്ടാനുണ്ട് എന്ന വാദത്തിന് നിരക്കുന്ന തെളിവുകൾ മന്ത്രി പി പ്രസാദ് പുറത്തുവിടണമെന്ന ആവശ്യവും അദ്ദേഹം മുന്നോട്ടുവെച്ചു. കേരളത്തിന് അർഹതപ്പെട്ട അണാപ്പൈസ പോലും കേന്ദ്രം പിടിച്ചുവെക്കാറില്ല. ചട്ടങ്ങൾ പാലിച്ച് സംസ്ഥാനത്തിന് അർഹതപ്പെട്ട തുക പൂർണമായും നൽകിയിട്ടുണ്ട്. ആരോഗ്യമേഖലയ്ക്കുള്ള ഗ്രാന്റ് ഇനത്തിൽ 2021-22 സാമ്പത്തിക വർഷത്തിൽ 521.43 കോടി നൽകി. 2022-23 ൽ 421.81 കോടി നൽകി. അനുവദിച്ച തുക 50 ശതമാനത്തിന് മേൽ ചെലവഴിക്കണമെന്ന മാനദണ്ഡം പാലിക്കാത്തതുകൊണ്ടാണ് ഇനിയുള്ളത് നൽകാത്തതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
മില്യൺ പ്ലസ് സിറ്റീസ് ഗ്രാന്റ് ഇനത്തിൽ 2021-22-ൽ 256 കോടി നൽകി. 2022-23ൽ അനുവദിക്കപ്പെട്ട 265 കോടിയിൽ 213.4 കോടി നൽകി. ധനകാര്യ കമ്മിഷൻ അനുവദിച്ചതിനെക്കാൾ കൂടുതൽ കടമെടുപ്പ് ഈ കഴിഞ്ഞ രണ്ട് സാമ്പത്തിക വർഷവും അനുവദിച്ചു. വികസന, ക്ഷേമ പ്രവർത്തനങ്ങൾക്കായുള്ള മൂലധനനിക്ഷേപം 2023-24-ൽ 1,925 കോടി അനുവദിച്ചു. കഴിഞ്ഞ വർഷം ലഭിച്ച തുക പൂർണമായി പ്രയോജനപ്പെടുത്താത്തതിനാൽ ഇത് നൽകിയിട്ടില്ല. 2021-22, 2022-23 വർഷത്തെ ധനക്കമ്മി ഗ്രാന്റുകൾ പൂർണമായി നൽകി. 2023-24 ന്റെത് പ്രതിമാസ ഇൻസ്റ്റാൾമെന്റുകളായി നൽകിവരുന്നെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

