അദാനി ഗ്രൂപ്പിനെതിരെ അന്വേഷണം വേണം; രാഹുൽ ഗാന്ധി

ന്യൂഡൽഹി: അദാനി ഗ്രൂപ്പിനെതിരെ അന്വേഷണം ആവശ്യപ്പെട്ട് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. ഓർഗനൈസ്ഡ് ക്രൈം ആന്റ് കറപ്ഷൻ റിപ്പോർട്ടിംഗ് പ്രൊജക്ടിന്റെ(ഒസിസിആർപി) റിപ്പോർട്ട് പുറത്തുവന്നതിന് പിന്നാലെയാണ് അദ്ദേഹം ഇക്കാര്യം ആവശ്യപ്പെട്ട് രംഗത്തെത്തിയത്. ജി 20 യോഗത്തിന്റെ പശ്ചാത്തലത്തിൽ ഗൗരവതരമായ ആരോപണങ്ങളാണ് ഉന്നയിക്കപ്പെട്ടതെന്നും പ്രധാനമന്ത്രി എന്ത് കൊണ്ട് അന്വേഷണം പ്രഖ്യാപിച്ചില്ലെന്നും അദ്ദേഹം ചോദിക്കുന്നു.

രാജ്യത്തിന്റെ പ്രതിച്ഛായയെ ബാധിക്കുന്ന പ്രശ്‌നമായതിനാൽ ജോയിന്റ് പാർലമെന്ററി കമ്മിറ്റിയെ അന്വേഷണത്തിനായി നിയോഗിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ജി 20 നേതാക്കൾ രാജ്യത്ത് എത്തുന്നതിന് മുൻപ് തന്നെ വിഷയത്തിൽ വ്യക്തത വരുത്തേണ്ടത് പ്രധാനമന്ത്രിയുടെ ഉത്തരവാദിത്വമാണെന്ന് രാഹുൽ ഗാന്ധി പറഞ്ഞു.

അദാനിയ്ക്ക് പണം ലഭ്യമാകുന്ന സ്രോതസുകളെക്കുറിച്ച് കൃത്യമായ അന്വേഷണം ആവശ്യപ്പെട്ടത് കൂടാതെ ചൈനീസ് പൗരനും അദാനിയും തമ്മിലുള്ള ബന്ധത്തെക്കുറിച്ചും രാഹുൽ ഗാന്ധി ആരോപണമുന്നയിച്ചു. എന്തുകൊണ്ടാണ് അദാനിയ്ക്ക് മാത്രമായി പ്രധാനമന്ത്രി സംരക്ഷണം നൽകുന്നതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

വൻകിട കരാറുകളും രാജ്യത്തിന്റെ സ്വത്തുക്കളും ഒരാൾക്ക് മാത്രമെങ്ങനെയാണ് ലഭിക്കുന്നത്. ഓഹരിയെ സ്വാധീനിക്കാൻ ഇത്രയും കോടികൾ എവിടെ നിന്നാണ് അദാനിയ്ക്ക് ലഭിച്ചത്. തട്ടിപ്പിന് പിന്നിലെ സൂത്രധാരൻ അദാനി സഹോദരൻ വിനോദ് അദാനിയാണ്. നാസിർ അലി ഷബാൻ അഹ്ലി, ചാങ് ചുങ് ലിംഗ് എന്ന ചൈനീസ് പൗരനും പങ്കുണ്ട്. വിഷയത്തിൽ പ്രധാനമന്ത്രി പരിഭ്രാന്തനാണെന്നും ജി20 യോഗത്തിന് മുൻപ് ആരോപണങ്ങളിൽ വ്യക്തത വരുത്തേണ്ടത് പ്രധാനമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.