ജയസൂര്യ പറഞ്ഞത് കർഷകരുടെ വികാരം; പിന്തുണയുമായി കെ മുരളീധരൻ

കോഴിക്കോട്: നടൻ ജയസൂര്യക്ക് പിന്തുണയുമായി കോൺഗ്രസ് നേതാവ് കെ മുരളീധരൻ. ജയസൂര്യ പറഞ്ഞത് കർഷകരുടെ വികാരമാണെന്ന് അദ്ദേഹം പറഞ്ഞു. ജയസൂര്യ മന്ത്രിമാരെ വേദിയിലിരുത്തി സർക്കാരിനെതിരേ രൂക്ഷ വിമർശനം ഉന്നയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് താരത്തിന് പിന്തുണയുമായി കെ മുരളീധരൻ രംഗത്തെത്തിയത്. സപ്ലൈകോ സംഭരിച്ച നെല്ലിന്റെ പണം കർഷകർക്ക് കൊടുത്തുതീർക്കാത്തതുമായി ബന്ധപ്പെട്ടാണ് ജയസൂര്യ സർക്കാരിനെതിരെ വിമർശനം ഉന്നയിച്ചത്.

പൊട്ടിയത് കൃഷിമന്ത്രിയുടെ സിനിമയാണെന്ന് വി മുരളീധരൻ പരിഹസിക്കുകയും ചെയ്തു. ജയസൂര്യ സൂചിപ്പിച്ചത് ഇന്നത്തെ കർഷകന്റെ അവസ്ഥയാണ്. കർഷകരാണ് ഇത്തവണ ഏറ്റവും അധികം പട്ടിണി സമരങ്ങൾ നടത്തിയത്. അവർ സംഭരിച്ച നെല്ലിനൊന്നും വില കിട്ടിയിട്ടില്ല. വളരെ ദുരിതം നിറഞ്ഞ ഓണമാണ് ഇത്തവണത്തേത്. ഏഴ് ലക്ഷത്തോളം മഞ്ഞകാർഡ് ഉടമകൾക്ക് കൊടുത്ത കിറ്റ്, ഒരുലക്ഷത്തോളം ഇനിയും ബാക്കിയുണ്ട്. സർക്കാരിന്റെ ഉത്തരവാദിത്വമില്ലായ്മ വളരെ വ്യക്തമാണ്. അതുകൊണ്ടാണ് ഒരു രാഷ്ട്രീയ പാർട്ടിയോടും ആഭിമുഖ്യമില്ലാത്ത ജയസൂര്യ, ചില അപ്രിയ സത്യങ്ങൾ തുറന്നുപറഞ്ഞത്. ഈ നാട്ടിലെ കർഷകന്റെ വികാരമാണ് അതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

കളമശ്ശേരിയിലെ പരിപാടിയിൽനടത്തിയ വിമർശനത്തിന് മറുപടിയായി പിന്നീട് കൃഷിമന്ത്രി രംഗത്തെത്തിയിരുന്നു. ജയസൂര്യ നല്ല അഭിനേതാവാണെന്നും അദ്ദേഹം ജനങ്ങളുടെ മുമ്പാകെയല്ല അഭിനയം കാഴ്ചവെക്കേണ്ടതെന്നും കൃഷിമന്ത്രി പറഞ്ഞിരുന്നു.