താനൂർ കസ്റ്റഡി മരണം; നാലു പോലീസുകാർക്കെതിരെ കൊലക്കുറ്റം ചുമത്തി

മലപ്പുറം: താനൂർ കസ്റ്റഡി മരണ കേസിൽ നാലു പോലീസുകാർക്കെതിരെ കൊലക്കുറ്റം ചുമത്തി. ക്രൈംബ്രാഞ്ച് കോടതിയിൽ പ്രാഥമിക പ്രതിപ്പട്ടികയിലാണ് പോലീസുകാർക്കെതിരെ കൊലക്കുറ്റം ചുമത്തിയിരിക്കുന്നത്.

മലപ്പുറം ഡിസ്ട്രിക്ട് ആന്റി നാർക്കോട്ടിക് സ്‌പെഷ്യൽ ആക്ഷൻ ഫോഴ്‌സിന്റെ (ഡാൻസാഫ്) ഭാഗമായ വിവിധ സ്റ്റേഷനുകളിലെ പൊലീസുകാരാണ് പ്രതികൾ. താനൂർ സ്റ്റേഷനിലെ സീനിയർ സിവിൽ പൊലീസ് ഓഫീസർ മലപ്പുറം പള്ളിക്കൽ അനുപമ നിവാസിൽ ജിനീഷ് (37), പരപ്പനങ്ങാടി സ്റ്റേഷനിലെ സിവിൽ പൊലീസ് ഓഫീസർ കൊല്ലം നീണ്ടകര ആലീസ് ഭവനിൽ ആൽബിൻ അഗസ്റ്റിൻ (36), കൽപകഞ്ചേരി സ്റ്റേഷനിലെ സിവിൽ പൊലീസ് ഓഫീസർ മലപ്പുറം കേരളാധീശപുരം കരയകത്ത് വീട്ടിൽ അഭിമന്യൂ (35), തിരൂരങ്ങാടി സ്റ്റേഷനിലെ സിവിൽ പൊലീസ് ഓഫീസർ മലപ്പുറം വള്ളിക്കുന്ന് വിപഞ്ചികയിൽ വിപിൻ (38) എന്നിവരാണ് പ്രതികൾ.

പരപ്പനങ്ങാടി ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിലാണ് പോലീസ് റിപ്പോർട്ട് സമർപ്പിച്ചത്. കേസുമായി ബന്ധപ്പെട്ട് താനൂർ സ്റ്റേഷനിലെ സബ് ഇൻസ്പെക്ടർ ആർ ഡി കൃഷ്ണലാൽ ഉൾപ്പെടെ എട്ട് പൊലീസ് ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്തിരുന്നു. കൂടുതൽ പ്രതികൾ ഉണ്ടാകുമെന്നാണ് സൂചന. ക്രൈംബ്രാഞ്ച് ഡിവൈഎസ്പി റെജി എം കുന്നിപ്പറമ്പിലിന്റെ നേതൃത്വത്തിലാണ് കേസന്വേഷണം. കൊലപാതകം (302), അന്യായമായ തടങ്കൽ (342), മർദ്ദിച്ചു കുറ്റം സമ്മതിപ്പിക്കൽ(330) , ദേഹോപദ്രവം (323), ആയുധം ഉപയോഗിച്ച് ഗുരുതര പരിക്ക് ഏൽപ്പിക്കൽ(324) തുടങ്ങിയ വകുപ്പുകളാണ് ചുമത്തിയിട്ടുള്ളത്.