വീണ വിജയൻ ടാക്‌സ് അടച്ചോയെന്നല്ല, മാസപ്പടി വാങ്ങിയോയെന്നാണ് സി പി എമ്മിനോട് ചോദിക്കുന്നത് ; വി മുരളീധരൻ

തിരുവനന്തപുരം : മുഖ്യമന്ത്രിയുടെ മകളുടെ മാസപ്പടി വിവാദത്തിലും കരുവന്നൂർ ബാങ്ക് തട്ടിപ്പിലും ആരോപണ വിധേയരെ പിന്തുണയ്ക്കുന്ന സി പി എമ്മിന്റെ സമീപനം ശരിയല്ലെന്ന് കേന്ദ്ര മന്ത്രി വി മുരളീധരൻ. എ സി മൊയ്തീൻ മാന്യനായ രാഷ്ട്രീയ പ്രവർത്തകനായിരുന്നെങ്കിൽ ബിനാമി പേരിൽ ലോൺ എടുക്കില്ലായിരുന്നു. ഇ ഡി യുടെ നീക്കത്തിൽ എതിർപ്പുണ്ടെങ്കിൽ അതിനെ നിയമപരമായാണ് നേരിടേണ്ടത്. ലക്ഷങ്ങളുടെ സ്വത്ത് ഉണ്ടാകാൻ മൊയ്തീൻ ബിസിനസ് ചെയ്യുന്നില്ല. കരുവന്നൂരിലെ ബാങ്ക് തട്ടിപ്പ് പുറത്ത് വരുന്നതിനെ സി പി എം പേടിക്കുകയാണ് എന്നിങ്ങനെയായിരുന്നു വി മുരളീധരൻ പ്രതികരിച്ചത്.

മാസപ്പടി വാങ്ങിയോയെന്ന് ചോദിക്കുമ്പോൾ ടാക്‌സ് അടച്ചുവെന്ന മറുപടിയാണ് സി പി എം പറയുന്നത്. മാസപ്പടി വിവാദത്തിൽ അന്വേഷണം തള്ളിയ വിജിലൻസ് കോടതിയുടെ വിധി നിയമത്തെ ചോദ്യം ചെയ്യുന്നതാണ്. തർക്ക പരിഹാര ബോർഡ് വിധി അഴിമതിയുടെ പരിധിയിൽ വരില്ലെന്ന് പറയുന്നത് അംഗീകരിക്കാനാകുന്നില്ലെന്നും മുരളീധരൻ വിശദീകരിച്ചു. കേരളത്തിന് അർഹമായ നികുതിവിഹിതം കേന്ദ്രം നൽകുന്നുണ്ട്. ധനകാര്യ കമ്മീഷനാണ് നികുതി സംബന്ധിച്ചുള്ള തീരുമാനം എടുക്കുന്നത്. കേരളത്തിൽ ധന പ്രതിസന്ധിയുണ്ടാവാനുള്ള കാരണം സർക്കാരിന്റെ പിടിപ്പു കേടാണെന്നും വി മുരളീധരൻ പറഞ്ഞു.