ബഹിരാകാശ രംഗത്ത് വലിയ കാൽവെയ്പ്പാണ് ഇന്ത്യ കരസ്ഥമാക്കിയത്; അഭിനന്ദനം അറിയിച്ച് റഷ്യൻ പ്രസിഡന്റ്

മോസ്‌കോ: ഇന്ത്യയ്ക്ക് അഭിനന്ദനം അറിയിച്ച് റഷ്യൻ പ്രസിഡന്റ് വ്ളാഡിമർ പുടിൻ. ഇന്ത്യയുടെ ചാന്ദ്ര ദൗത്യം ചന്ദ്രയാൻ 3യുടെ ചരിത്ര നേട്ടത്തിലാണ് അദ്ദേഹം അഭിനന്ദനങ്ങൾ അറിയിച്ചത്. ചന്ദ്രന്റെ ദക്ഷിണ ധ്രുവത്തിലേക്കുള്ള ചന്ദ്രയാൻ 3 സോഫ്റ്റ് ലാൻഡിംഗ് വിജയകരമായി പൂർത്തിയാക്കിയതിന് പിന്നാലെയാണ് അദ്ദേഹത്തിന്റെ പ്രതികരണം.

രാഷ്ട്രപതി ദ്രൗപതി മുർമ്മുവിനും പ്രധാനമന്ത്രി നരേന്ദ്രമോദിക്കും അയച്ച സന്ദേശത്തിലാണ് അദ്ദേഹം ഇന്ത്യയ്ക്ക് അഭിനന്ദനങ്ങൾ അറിയിച്ചത്. ഇന്നോളം ഒരു രാജ്യത്തിന്റെ ചാന്ദ്ര ദൗത്യവും കടന്നുചെന്നിട്ടില്ലാത്ത ബഹിരാകാശ രംഗത്ത് വലിയ കാൽവെയ്പ്പാണ് ഇന്ത്യ കരസ്ഥമാക്കിയതെന്ന് അദ്ദേഹമയച്ച സന്ദേശത്തിൽ വ്യക്തമാക്കുന്നു. ഐ എസ് ആർ ഒ നേതൃത്വത്തെ ആശംസകൾ അറിയിക്കണമെന്നും പുടിൻ വ്യക്തമാക്കി.

ഓഗസ്റ്റ് 23 ന് ഇന്ത്യൻ സമയം 6.04 നായിരുന്നു ചന്ദ്രയാൻ 3 വിജയകരമായ സോഫ്റ്റ് ലാൻഡിംഗ് നടത്തിയത്. 5.44 നാണ് സോഫ്റ്റ് ലാൻഡിംഗ് ദൗത്യം ആരംഭിച്ചത്. മിഷൻ വിജയിച്ചതോടെ ചന്ദ്രന്റെ ദക്ഷിണധ്രുവത്തിൽ ഇറങ്ങുന്ന ആദ്യ രാജ്യമെന്ന നേട്ടം ഇന്ത്യയ്ക്ക് സ്വന്തമായി. ഇന്ത്യയുടെ നേട്ടത്തിൽ അഭിനന്ദനങ്ങൾ അറിയിച്ച് നിരവധി പ്രമുഖർ രംഗത്തെത്തി. പ്രധാനമന്ത്രി നരേന്ദ്ര മോദി, ആഭ്യന്തര മന്ത്രി അമിത് ഷാ, പ്രതിരോധമന്ത്രി രാജ്‌നാഥ് സിംഗ്, മുഖ്യമന്ത്രി പിണറായി വിജയൻ തുടങ്ങി നിരവധി പ്രമുഖർ ചന്ദ്രയാൻ 3 യുടെ വിജയത്തെ പ്രശംസിച്ചു.