തിരുവനന്തപുരം : സംസ്ഥാനത്തെ റേഷൻ കടകൾക്ക് മൂന്ന് ദിവസത്തെ ഓണാവധി നൽകി സംസ്ഥാന ഭക്ഷ്യ പൊതുവിതരണവകുപ്പ്. ഓഗസ്റ്റ് 29 മുതൽ 31 വരെയാണ് റേഷൻ കടകൾക്ക് സർക്കാർ അവധി നൽകിയിരിക്കുന്നത്. ഓഗസ്റ്റ് 27 ഞായറാഴ്ചയും ഉത്രാട ദിനമായ ഓഗസ്റ്റ് 28 നുമാണ് റേഷൻ കടകൾ തുറന്ന് പ്രവർത്തിക്കുന്നത്. സംസ്ഥാനത്ത് ഈ വട്ടം മഞ്ഞ കാർഡ് ഉടമകൾക്ക് മാത്രമാണ് 13 ഇനം സാധനങ്ങളടങ്ങിയ കിറ്റ് നൽകുന്നത്.
മഞ്ഞ കാർഡുടമകളോടൊപ്പം അനാഥാലയങ്ങളിലും അഗതി മന്ദിരങ്ങളിലും കഴിയുന്ന 20000 പേർക്ക് കൂടി കിറ്റ് നൽകുന്നുണ്ട്. ഇത് സംബന്ധിച്ച തീരുമാനം മന്ത്രിസഭാ യോഗം നേരത്തെ എടുത്തിരുന്നു. കിറ്റ് ഒരുക്കുന്നതിനായി 32 കോടി രൂപ സപ്ലൈകോയ്ക്ക് സർക്കാർ മുൻകൂട്ടി അനുവദിച്ചിരുന്നു. കഴിഞ്ഞ വർഷം 87 ലക്ഷം കാർഡ് ഉടമകൾക്കാണ് കിറ്റ് നൽകിയത്. ഈ വട്ടം മഞ്ഞ കാർഡിന് മാത്രമേ കിറ്റുള്ളുവെങ്കിലും മറ്റ് കാർഡ് ഉടമകൾക്ക് ആശ്വാസമായി സർക്കാരിന്റെ കൺസ്യൂമർഫെഡ് ഓണച്ചന്തകളുണ്ട്.

