ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസൽ കുറ്റക്കാരനെന്ന വിധി സ്റ്റേ ചെയ്തുകൊണ്ടുള്ള ഹൈക്കോടതി വിധി സുപ്രീം കോടതി റദ്ദ് ചെയ്തു

ന്യൂ ഡൽഹി : വധശ്രമ ക്കേസിൽ ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസൽ കുറ്റക്കാരനാണെന്ന വിധി സ്റ്റേ ചെയ്ത കേരളഹൈക്കോടതി വിധി സുപ്രീം കോടതി സ്റ്റേ ചെയ്തു. കേസ് വീണ്ടും പരിഗണിക്കാനും 6 ആഴ്ചയ്ക്കുള്ളിൽ തീർപ്പ് കൽപ്പിക്കാനും സുപ്രീം കോടതി നിർദ്ദേശം നൽകിയിട്ടുണ്ട് . അതെ സമയം ഹൈ ക്കോടതി വിധി വരുന്നത് വരെ ഫൈസലിന് എം പി സ്ഥാനത്ത് തുടരാൻ സുപ്രീം കോടതി അനുമതി
നൽകിയിട്ടുണ്ട്. കവരത്തി ജില്ല സെഷൻസ് കോടതിയായിരുന്നു വധശ്രമ കേസിൽ ഫൈസൽ കുറ്റക്കാരനെന്ന് കണ്ടെത്തി 10 വർഷത്തെ തടവ് ശിക്ഷ വിധിച്ചത്.

ഫൈസൽ എം പിയാണെന്ന് ചൂണ്ടിക്കാട്ടി കുറ്റക്കാരനാണെന്ന വിധി കേരള ഹൈക്കോടതി സ്റ്റേ ചെയ്തതോടെയാണ് ഫൈസലിന് എം പി സ്ഥാനത്ത് തുടരാൻ സാധിച്ചത്. എം പിയെന്ന പരിഗണന നൽകിയാണ് കൊലക്കേസിലെ വിധി സ്റ്റേ ചെയ്‌തതെന്നും സാധാരണ പ്രതിയോട് സ്വീകരിക്കുന്ന സമീപനമല്ല ഹൈക്കോടതി ഫൈസലിന്റെ കേസിൽ സ്വീകരിച്ചതെന്നും ജസ്റ്റിസ് ബി വി നാഗരത്ന അധ്യക്ഷയായ ബെഞ്ച് ചൂണ്ടിക്കാട്ടി. ഈയൊരു സാഹചര്യത്തിലാണ് 6 ആഴ്ചയ്ക്കുള്ളിൽ വീണ്ടും വാദം കേൾക്കാൻ കേരള ഹൈക്കോടതിയോട് സുപ്രീം കോടതി ആവശ്യപ്പെട്ടിരിക്കുന്നത്.

സ്റ്റേ ഉത്തരവ് റദ്ദ് ചെയ്താൽ എം പി സ്ഥാനം നഷ്ടമാകുമെന്ന് ഫൈസലിന്റെ അഭിഭാഷകൻ അഭിഷേക് മനു സിങ് വി നേരത്തെ വ്യക്തമാക്കിയിരുന്നു. രാഹുൽ ഗാന്ധി കേസിലെ പാർലമെന്റ് സീറ്റ് ഒഴിച്ചിടുന്നത് വോട്ടർമാരുടെ അവകാശത്തെ ഹനിക്കുമെന്ന സുപ്രീം കോടതി വിധിയും അഭിഭാഷകൻ ചൂണ്ടിക്കാട്ടി. തുടർന്നാണ് ഫൈസലിന് എം പി സ്ഥാനത്ത് തുടരാൻ സുപ്രീം കോടതി അനുമതി നൽകിയത്.