കരുവന്നൂർ ബാങ്ക് തട്ടിപ്പ് കേസ് ; എ സി മൊയ്തീൻ എം എൽ എ യുടെ വീട്ടിൽ ഇ ഡി റെയ്‌ഡ്‌

തൃശ്ശൂർ : കരുവന്നൂർ ബാങ്ക് തട്ടിപ്പ് കേസിൽ എ സി മൊയ്തീൻ എം എൽ എ യുടെ വീട്ടിൽ ഇ ഡി റെയ്ഡ് നടത്തി. കുന്നംകുളം എം എൽ എ യായ എ സി മൊയ്തീന്റെ വടക്കാഞ്ചേരി തെക്കുംകരയിലെ വീട്ടിൽ 12 അംഗ ഇ ഡി സംഘം രാവിലെ മുതലാണ് പരിശോധന ആരംഭിച്ചത്. കൊച്ചിയിൽ നിന്നുള്ള ഇ ഡി ഉദ്യോഗസ്ഥരുടെ വലിയൊരു സംഘം പരിശോധനയ്‌ക്കെത്തുമ്പോൾ എം എൽ എ വീട്ടിലുണ്ടായിരുന്നു.

കരിവന്നൂർ ബാങ്ക് തട്ടിപ്പ് കേസിൽ എ സി മൊയ്തീന്റെ ബന്ധുക്കൾക്ക് പങ്കുണ്ടെന്ന വാദം നേരത്തെ ഉയർന്നിരുന്നു. സായുധ സംഘമായി മൂന്ന് കാറുകളിലാണ് ഇ ഡി പരിശോധനയ്‌ക്കെത്തിയത്. 3 മണിക്കൂർ തുടർച്ചയായി എം എൽ എയുടെ വീട്ടിൽ പരിശോധന നടന്നു വരികയാണ്. ഇത് വരെ 18 പേരെയാണ് ഇ ഡി കേസിൽ പ്രതി ചേർത്തിരിക്കുന്നത് . തട്ടിപ്പ് കേസിലെ പരാതിക്കാരൻ സുരേഷ്,കേസിലെ പ്രതികളായ ജിൽസ്, ബിജു കരീം എന്നിവരുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് ഇ ഡി ഇപ്പോൾ എം എൽ എ യുടെ വീട്ടിൽ റെയ്ഡിനെത്തിയിരിക്കുന്നത്.