മുഖ്യമന്ത്രിയും 15 മന്ത്രിമാരും തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി നാളെ പുതുപ്പള്ളിയിലേക്ക് പോകും

കോട്ടയം : പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പ് പ്രചാരണത്തിനായി മുഖ്യമന്ത്രിയും 15 മന്ത്രിമാരും നാളെ കോട്ടയത്തേക്ക് പോകും. വി ശിവൻ കുട്ടി, കെ കൃഷ്ണൻകുട്ടി, ജെ ചിഞ്ചു റാണി, അഹമ്മദ് ദേവർകോവിൽ,കെ ബിന്ദു എന്നിവർ ഒഴികെയുള്ള മന്ത്രിമാരാണ് പ്രചാരണത്തിനായി പുതുപ്പള്ളിയിലേക്ക് മുഖ്യനോടൊപ്പം പോകുന്നത്. ഓഗസ്റ്റ് 24 ലെ രണ്ട് പൊതു പരിപാടികൾ, ഓഗസ്റ്റ് 30, സെപ്തംബർ എന്നീ തീയതികളിലെ 6 പൊതുയോഗങ്ങൾ എന്നിവയിലാണ് മുഖ്യമന്ത്രി പങ്കെടുക്കുന്നത് .

പുതുപ്പള്ളിയിലെ ഒരു പഞ്ചായത്തിൽ ഒരു പരിപാടി എന്ന നിലയിലാണ് മുഖ്യമന്ത്രിയുടെ തിരഞ്ഞെടുപ്പ് പ്രചാരണം. മന്ത്രിമാർ പങ്കെടുക്കുന്നത് വികസന സദസ്സെന്ന് പേരിട്ടിരിക്കുന്ന പരിപാടിയിലാണ്. മണ്ഡലത്തെ 20 സോണുകളായി തിരിച്ചുള്ള പരിപാടിയിൽ ഏറ്റവും കൂടുതൽ പങ്കെടുക്കുന്ന മന്ത്രി നാട്ടുകാരനായ വി എൻ വാസവനാണ്. ഓരോ പ്രദേശങ്ങളെയും കുറിച്ചുള്ള വികസനങ്ങൾ എടുത്തു പറഞ്ഞുള്ള പ്രചാരണമാകും വികസന സന്ദേശ സദസ്സിൽ നടക്കുന്നതെന്ന് എൽ ഡി എഫ് വ്യക്തമാക്കി.

പുതുപ്പള്ളിയിലെ തിരഞ്ഞെടുപ്പ് മന്ത്രിമാർ കാര്യമാക്കുന്നില്ലെന്ന ആരോപണത്തെ പ്രതിരോധിക്കുക എന്നതാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. തൃക്കാക്കരയിൽ വീടുകയറി വോട്ട് ചോദിക്കാനെത്തിയ മന്ത്രിമാർ പുതുപ്പള്ളിയെ തഴഞ്ഞെന്ന വിമർശനം ഉയർന്നിരുന്നു. മന്ത്രിമാരെ പുതുപ്പള്ളിയിൽ മിസ് ചെയ്യുന്നതായി കഴിഞ്ഞ ദിവസം വി ഡി സതീശനും പരിഹസിച്ചിരുന്നു.