കൊച്ചി : വിമാന നിരക്കിനെ പിടിച്ചു കെട്ടാൻ കെ ഷിപ്പ് പദ്ധതി നടപ്പിലാക്കാനൊരുങ്ങി സർക്കാർ. കൊച്ചി വിമാനത്താവള കമ്പനി സിയാൽ മാതൃകയിൽ പൊതു സ്വകാര്യ പങ്കാളിത്തത്തിലാണ് കപ്പൽ സർവീസിനായുള്ള കമ്പനി സ്ഥാപിക്കാൻ സർക്കാർ ഒരുങ്ങുന്നത്. കെ ഷിപ്പ് എന്ന് പേരിട്ടിരിക്കുന്ന പദ്ധതി ഗൾഫിൽ നിന്നും 10000 രൂപ നിരക്കുള്ള ടിക്കറ്റിൽ മൂന്നര ദിവസം കൊണ്ട് കേരളത്തിലെത്താവുന്നതാണ്. കേരള മാരി ടൈം ബോർഡും നോർക്കയും നിക്ഷേപകരും സർക്കാരും ചേർന്നുള്ള ബിസിനസ് മോഡലാവും കെ ഷിപ്പിൽ ഉണ്ടാകുന്നത്. ഒരു ട്രിപ്പിൽ 1500 പേരെ കിട്ടുന്നത് പ്രയാസകരമല്ലെന്ന് പ്രവാസി സംഘടനാ അറിയിച്ചിട്ടുണ്ട്.
വിമാന കമ്പനികൾ ഗൾഫിൽ നിന്നും കേരളത്തിലേക്ക് 20000 രൂപ മുതൽ 60000 വരെയാണ് ഫ്ലൈറ്റ് ചാർജ് ഈടാക്കുന്നത്. വിമാനത്തിൽ 15-30 കിലോഗ്രാം ലഗേജ് കൊണ്ട് പോകാൻ മാത്രമേ കഴിയുകയുള്ളൂ. എന്നാൽ കപ്പലിൽ 40 മുതൽ 50 കിലോ വരെയാണ് അനുവദിക്കുന്നത്. കെ ഷിപ്പ് വിനോദ സഞ്ചാരികളെയും ലക്ഷ്യമിടുന്നുണ്ടെന്ന് അധികൃതർ വ്യക്തമാക്കുന്നു. നിക്ഷേപകരെ ആശ്രയിച്ചാവും പദ്ധതി മുന്നോട്ട് പോകുന്നത് . കമ്പനി രൂപീകരിച്ചു കഴിഞ്ഞാൽ ഓഹരി വില്പനയിലൂടെ പണം കണ്ടെത്താനും സാധ്യത പഠനം നടത്താനും തുടങ്ങും. നിലവിൽ കൊല്ലവും ബേപ്പൂരും കപ്പൽ സർവീസിന് അനുയോജ്യമാണെങ്കിലും മറ്റ് സ്ഥലങ്ങളിൽ പദ്ധതിക്കാവശ്യമായ സജ്ജീകരണങ്ങൾ ഒരുക്കേണ്ടതായുണ്ട്. ഗൾഫ് നാടുകളിലേക്ക് കെ ഷിപ്പ് വഴിയുള്ള ആദ്യ സർവീസ് ആരംഭിക്കുന്നത് മലബാറിൽ നിന്നാകുമെന്നാണ് അധികൃതർ വ്യക്തമാക്കുന്നത്.

