റോം : സാങ്കേതിക വിദ്യ മനുഷ്യ രാശിക്ക് വിനയായി മാറിയ ഈ കാലത്ത് അതുണ്ടാക്കുന്ന അപകടങ്ങളെ കരുതിയിരിക്കണമെന്ന് ഓർമിപ്പിച്ച് പോപ്പ് ഫ്രാൻസിസ്. ലോകസമാധാന ദിനത്തോട് അനുബന്ധിച്ച് നടത്തിയ പ്രസ്താവനയിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. ആർട്ടിഫിഷ്യൽ ഇന്റലിജൻസും സമാധാനവുമെന്നതാണ് ഈ വർഷത്തെ സമാധാന ദിനത്തിന്റെ പ്രമേയമെന്നാണ് പോപ്പ് പറഞ്ഞത്. സാധാരണ പുതുവത്സരത്തിലാണ് ലോക സമാധാന ദിനം കൊണ്ടാടുന്നതെങ്കിലും പോപ്പ് നേരത്തെ അതിന്റെ സന്ദേശം പ്രഖ്യാപിച്ചിരിക്കുകയാണ്.
പുതിയ സാങ്കേതിക വിദ്യകളെ സംബന്ധിച്ച് ചർച്ച നടത്തിയാലേ അവയുണ്ടാക്കുന്ന വിനാശകരമായ കാര്യങ്ങളെ തിരിച്ചറിയാൻ കഴിയുവെന്നും പോപ്പ് അഭിപ്രായപ്പെട്ടു. മാനുഷിക പ്രവർത്തനം, വ്യക്തിപരവും സാമൂഹികവുമായ ജീവിതം, രാഷ്ട്രീയം , സമ്പദ് വ്യവസ്ഥ എന്നിവയിൽ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് വേഗത്തിൽ സ്വാധീനം ചെലുത്തുന്നുണ്ടെന്നും പോപ്പ് അഭിപ്രായപ്പെട്ടു. ലോകത്തിൽ നീതിയും സമാധാനവും വളർത്തിയെടുക്കാനാണ് സാങ്കേതിക വിദ്യ ഉപയോഗപ്പെടുത്തേണ്ടതെന്നും പോപ്പ് നിർദ്ദേശം നൽകി.

