കാട്ടുതീയിലകപ്പെട്ട കുടുംബത്തിന് രക്ഷയായി ഐഫോണിലെ എസ് ഒ എസ് സംവിധാനം

വാഷിംഗ്‌ടൺ: അമേരിക്കൻ സംസ്ഥാനമായ ഹവായ് ദ്വീപ സമൂഹങ്ങളിലെ മൗവിയിലുണ്ടായ കാട്ടുതീയിൽ കുറെ പേരാണ് വെന്ത് മരിച്ചത്. എന്നാൽ കാട്ടുതീയിൽ അകപ്പെട്ട അഞ്ചംഗ കുടുംബത്തെ രക്ഷപ്പെടുത്താൻ ആപ്പിളിലെ എസ് ഒ എസ് സംവിധാനം സഹായിച്ചെന്ന റിപ്പോർട്ടുകൾ പുറത്തുവരുന്നു. ഒരു കുടുംബത്തിലെ 5 പേർ സഞ്ചരിച്ച വാഹനത്തിൽ പെട്ടെന്നായിരുന്നു തീ ആളിപ്പടർന്നത്. പ്രദേശത്ത് തീയും പുകയും പടർന്ന് സിഗ്നലുകൾ പോലും ലഭിക്കാത്ത സാഹചര്യത്തിലാണ് അടിയന്തര സേവനങ്ങൾക്ക് സന്ദേശം അയക്കാൻ ഉപഗ്രഹങ്ങൾ വഴി പ്രവർത്തിക്കുന്ന എമർജൻസി എസ് ഒ എസ് സംവിധാനം ഇവർ ഉപയോഗിച്ചത്.

ഈ സന്ദേശം രക്ഷാപ്രവർത്തനം നടത്തുന്ന ദൗത്യ സംഘത്തിന് ലഭിച്ചതോടെ 30 മിനിറ്റിനുള്ളിൽ അഗ്നിശമന സേനാംഗങ്ങൾ സ്ഥലത്തെത്തി കുടുംബത്തെ രക്ഷിച്ചു. ഇന്റർനെറ്റ് കണക്ഷൻ ഇല്ലെങ്കിലും ഉപഗ്രഹങ്ങൾ വഴി എമർജൻസി എസ് ഒ എസ് സംവിധാനത്തിലൂടെ സന്ദേശങ്ങൾ അയക്കാൻ കഴിയും. കാടുകൾ, മരുഭൂമി, പർവ്വതങ്ങൾ എന്നിവിടങ്ങളിൽ ഒറ്റപ്പെട്ടു പോയാൽ സഹായം തേടാൻ ഈ സംവിധാനം ഉപയോഗിക്കാം.