തിരുപ്പതിയിൽ വീണ്ടും പുലിയിറങ്ങി; അഞ്ച് പുലികളുടെ സാന്നിധ്യം സ്ഥിരീകരിച്ച് വനംവകുപ്പ്

ചെന്നൈ: തിരുപ്പതിയിൽ വീണ്ടും പുലിയിറങ്ങി. തീർത്ഥാടനപാതയിലുള്ള ലക്ഷ്മി നരസിംഹസ്വാമി ക്ഷേത്രത്തിന് സമീപമുള്ള നടപ്പാതയിലൂടെ പോയവരാണ് പുലിയെ കണ്ടത്. തീർത്ഥാടകർ ബഹളം വച്ചതിനെത്തുടർന്ന് പുലി കാട്ടിലേക്ക് ഓടി രക്ഷപ്പെട്ടു. തിരുപ്പതി തിരുമല അലിപിരി നടപ്പാതയിൽ അഞ്ച് പുലികളുടെ സാന്നിധ്യം വനംവകുപ്പ് സ്ഥിരീകരിച്ചിട്ടുണ്ട്.

തിരുമല നമലഗവി, ലക്ഷ്മി നരസിംഹസ്വാമി ക്ഷേത്രത്തിനു സമീപം സ്ഥാപിച്ച ക്യാമറയിൽ പുലികളുടെ ദൃശ്യം പതിഞ്ഞിരുന്നു. തീർത്ഥാടകർക്കു നേരെ പുലിയുടെ ആക്രമണം ഉണ്ടാകുന്നതിൽ തിരുമല തിരുപ്പതി ദേവസ്ഥാനവും വനംവകുപ്പും ആശങ്കയിലാണ്. തീർത്ഥാടകർക്ക് സുരക്ഷാ ക്രമീകരണങ്ങൾ ഒരുക്കുന്നതുമായി ബന്ധപ്പെട്ട് അധികൃതർ യോഗം ചേർന്നു.

അതേസമയം, തിരുപ്പതിയിൽ ഇനി കുട്ടികളുമായി തീർത്ഥാടനത്തിന് എത്തുന്നവരെ പുലർച്ചെ 5 മുതൽ ഉച്ചയ്ക്ക് 2 മണി വരെ മാത്രമേ കടത്തി വിടൂ. കാട്ടു മൃഗങ്ങളുടെ ആക്രമണം പതിവായതോടെയാണ് അധികൃതർ പുതിയ നിർദ്ദേശം പുറപ്പെടുവിച്ചത്. തിരുപ്പതിയിൽ തീർത്ഥാടനത്തിന് എത്തുന്നവരെ നൂറു പേരുള്ള സംഘങ്ങളായി തിരിച്ച് മാത്രം കടത്തി വിടാനും തീരുമാനമായി. ഓരോ നൂറ് പേരുടെ സംഘത്തിനും ഒരു ഫോറസ്റ്റ് ഗാർഡ് കാവലായി ഉണ്ടാവും. ഒറ്റയ്ക്ക് മല കയറാൻ ആരെയും അനുവദിക്കേണ്ടെന്നും അധികൃതർ തീരുമാനിച്ചിട്ടുണ്ട്.