കൊച്ചി : മുഖ്യമന്ത്രി പിണറായി വിജയന്റെ മകൾ വീണയുടെ കമ്പനിയുമായി ബന്ധപ്പെട്ട ആദായനികുതി വകുപ്പിന്റെ കണക്കുകൾ ഗൗരവമെന്ന് വ്യക്തമാക്കി ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. ആദായ നികുതി വകുപ്പ് സാക്ഷ്യപ്പെടുത്തിയ ഔദ്യോഗിക രേഖകൾ കണ്ടിട്ടില്ലെങ്കിലും മാധ്യമങ്ങളിൽ നിന്ന് ലഭിച്ച വിവരങ്ങൾ പ്രകാരം മാസപ്പടി വിവാദം വളരെ ഗുരുതരമായ പ്രശ്നമാണെന്നാണ് മാധ്യമങ്ങളോട് ഗവർണർ പ്രതികരിച്ചത്.
ഇവ വെറും ആരോപണങ്ങളല്ലെന്നും ഇൻകം ടാക്സിന്റെ കണ്ടെത്തലുകൾ ആണെന്നും ആരിഫ് മുഹമ്മദ് ഖാൻ കൊച്ചിയിൽ മാധ്യമങ്ങളോട് പറഞ്ഞു. തിരുവനന്തപുരത്ത് വന്നതിനു ശേഷം ഈ വിഷയത്തെ കാര്യമായി പഠിച്ച് ഇതിനുവേണ്ട എന്ത് നടപടി സ്വീകരിക്കുമെന്ന് ആലോചിക്കുമെന്നും ഗവർണർ പ്രതികരിച്ചു. വിവാദം കേവലം രണ്ട് കമ്പനികൾ തമ്മിലുള്ള ഇടപാട് മാത്രമാണെന്ന് പറഞ്ഞു സിപിഎം തലയൂരാൻ ശ്രമിക്കുമ്പോഴാണ് ഗവർണർ ആരോപണവുമായി മുന്നോട്ട് വന്നിരിക്കുന്നത്. മുഖ്യമന്ത്രിയുടെ മകളെന്ന പരിഗണനയിലാണ് വീണയ്ക്ക് മാസപ്പടി ലഭിച്ചതെങ്കിൽ അത് അധികാര ദുർവിനിയോഗം തന്നെയാണെന്നാണ് ഗവർണറുടെ ഓഫീസും വിലയിരുത്തിയിരിക്കുന്നത്. അതേസമയം യുഡിഎഫ് നേതാക്കൾക്കും മാസപ്പടി വിവാദത്തിൽ പങ്കുണ്ടെന്ന് തെളിഞ്ഞതിനാൽ ഈ പ്രശ്നം ഒതുക്കി തീർക്കാൻ യുഡിഎഫും എൽഡിഎഫും ഒരുമിച്ച് ശ്രമിക്കുന്നെന്ന ആക്ഷേപം ശക്തമാണ്.

