പുതുപ്പള്ളിയിലെ എൽ ഡി എഫ് സ്ഥാനാർഥി ജെയ്‌ക് സി തോമസ് തന്നെയാകും; പ്രഖ്യാപനം നാളെ നടത്തും

കോട്ടയം : പുതുപ്പള്ളിയിലെ ഉപതിരഞ്ഞെടുപ്പിൽ എൽ ഡിഎഫ് സ്ഥാനാർത്ഥിയായായി ജെയ്ക് സി തോമസ് തന്നെ മത്സരിക്കും. ഇന്ന് ചേർന്ന് സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് യോഗത്തിലാണ് സ്ഥാനാർത്ഥിയെ നിർണയിച്ചത്. പാർട്ടി ജില്ലാ നേതൃത്വവും നിർദ്ദേശിച്ചത് ജെയ്ക്കിന്റെ പേര് തന്നെയായിരുന്നു. കോട്ടയം ജില്ലാ കമ്മിറ്റി ചേർന്ന ശേഷം നാളെ ഔദ്യോഗികമായി സ്ഥാനാർത്ഥിയെ പ്രഖ്യാപിക്കും. രണ്ട് തവണ ഉമ്മൻചാണ്ടിക്കെതിരെ മത്സരിച്ച ജെയ്ക്കിന്റെ പേര് തന്നെയായിരുന്നു ആദ്യം മുതൽ പാർട്ടി പരിഗണിച്ചിരുന്നത്.

പുതുപ്പള്ളി നിയോജക മണ്ഡലത്തിലെ മണർകാട് സ്വദേശിയായ ജെയ്ക് 2016 , 2021 വർഷങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പിലാണ് ഉമ്മൻചാണ്ടിക്കെതിരെ മത്സരിച്ചത്. 2021 ൽ ഉമ്മൻചാണ്ടിയെ വിറപ്പിച്ച പ്രകടനമാണ് ജെയ്ക് കാഴ്ച്ച വച്ചത്. എസ് എഫ് ഐ യിലൂടെ രാഷ്ട്രീയത്തിലെത്തിയ ജെയ്ക് എസ്എഫ് ഐ കോട്ടയം ജില്ലാ പ്രസിഡന്റ്, സംസ്ഥാന വൈസ് പ്രസിഡന്റ്, സംസ്ഥാന പ്രസിഡന്റ് എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. ഈ മാസം 17 നാണ് നാമ നിർദ്ദേശ പത്രിക സമർപ്പിക്കാനുള്ള അവസാന തീയതി. 18 നാണ് സൂക്ഷ്‌മ പരിശോധന നടക്കുന്നത്.