ദുൽഖറിന്റെ തെന്നിന്ത്യൻ ചിത്രമായ കിംഗ് ഓഫ് കൊത്തയുടെ ട്രെയിലർ പങ്ക് വച്ച് ബോളിവുഡ് താരം ഷാരൂഖ് ഖാൻ. ‘കിംഗ് ഓഫ് കൊത്തയുടെ ആകർഷകമായ ട്രെയിലറിന് അഭിനന്ദനങ്ങൾ, പ്രിയപ്പെട്ട ദുൽഖർ സിനിമയുമായി മുന്നോട്ട് പോകൂ, സിനിമയുടെ വിജയത്തിന് എല്ലാ അണിയറ പ്രവർത്തകർക്കും ആശംസകൾ ‘- എന്നായിരുന്നു ഷാരൂഖ് ഖാൻ ട്വീറ്റ് ചെയ്തത്. ‘ഒരുപാട് നന്ദിയുണ്ട് ഷാരൂഖ് സർ, ഇത് എനിക്ക് വളരെ വിലപ്പെട്ട നിമിഷമാണ്, എന്നും നിങ്ങളുടെ ആരാധകനായിരുന്നു ഞാൻ എന്നാണ് ദുൽഖർ ഷാരൂഖ് ഖാന്റെ ട്വീറ്റിന് മറുപടി നൽകിയത്.
സംവിധായകൻ ജോഷിയുടെ മകൻ അഭിലാഷ് ജോഷി ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ട്രെയിലർ ഇന്ന് രാവിലെയാണ് പുറത്തിറങ്ങിയത്. ഈ മാസം 24 ന് സോളോ റിലീസായാണ് ചിത്രം പുറത്തിറങ്ങുന്നത്. ചിത്രത്തിലെ കലാപകാര ഗാനവും ടീസറുമെല്ലാം സോഷ്യൽ മീഡിയയിൽ ഇപ്പോൾ തന്നെ ട്രെൻഡിങ്ങാണ്. പാൻ ഇന്ത്യൻ ലെവലിൽ റിലീസാകുന്ന ചിത്രം ഓണത്തിന് ബോക്സ് ഓഫീസ് തൂത്ത് വാരുമെന്നാണ് പ്രതീക്ഷിക്കുന്നത്.

