അന്ധവിശ്വാസങ്ങളും അനാചാരങ്ങളും തടയാൻ നിയമം കൊണ്ട് വരാനുള്ള നീക്കം സർക്കാർ ഉപേക്ഷിച്ചു

തിരുവനന്തപുരം : വിശ്വാസികളുടെ എതിർപ്പ് വരുമെന്ന വിഷയം കണക്കിലെടുത്ത് അന്ധവിശ്വാസങ്ങളും അനാചാരങ്ങളും തടയാനുള്ള നിയമം കൊണ്ടു വരാനുള്ള നീക്കം സർക്കാർ ഉപേക്ഷിച്ചു. വിശ്വാസത്തെ നിർണയിക്കാനും നിർവചിക്കാനും സർക്കാരിന് അധികാരമില്ലെന്ന നിർദ്ദേശത്തെ തുടർന്നും നിയമം പാസാക്കിയാൽ കോടതിയിടപെടലിന് സാധ്യയുള്ളതിനാലുമാണ് ഈ തീരുമാനം സ്വീകരിച്ചത്. ഇനി മുതൽ നിലവിലുള്ള ചട്ടങ്ങൾ പ്രകാരം മാത്രമേ അനാചാരങ്ങളെ നിയന്ത്രിക്കാൻ കഴിയൂ എന്നാണ് നിയമോപദേശം ലഭിച്ചിരിക്കുന്നത്.

ശബരിമലയിൽ സ്ത്രീ പ്രവേശനവുമായി ബന്ധപ്പെട്ട് സ്വീകരിച്ച നിലപാടുകളും നിലവിൽ ആളിക്കത്തുന്ന മിത്ത് വിവാദങ്ങളും തിരിച്ചടിയായ പശ്ചാത്തലത്തിലാണ് സർക്കാർ ഇത്തരം വിഷയങ്ങളിൽ ജാഗ്രത പാലിക്കുന്നത്. ജസ്റ്റിസ് കെ ടി തോമസ് ചെയർമാനായ നിയമപരിഷ്കാര കമ്മീഷൻ തയ്യാറാക്കിയ കരട് ബിൽ സർക്കാരിന് സമർപ്പിച്ചെങ്കിലും നടപടി ഇത് വരെയും സ്വീകരിച്ചിട്ടില്ല. 5 വർഷമായി ആഭ്യന്തരവകുപ്പിന്റെ കൈയ്യിലുണ്ടായിരുന്ന ബിൽ ഇലന്തൂർ നരബലിയെ തുടർന്നാണ് വീണ്ടും പരിഗണിച്ചത്. അഗ്നിക്കാവടി, കുത്തിയോട്ടം, തൂക്കം തുടങ്ങിയ ആചാരങ്ങൾ ബില്ലിൽ നിന്ന് ഒഴിവാക്കണമെന്ന് നിയമവകുപ്പ്‌ നിർദ്ദേശം നല്കിയതോടൊപ്പം മതാചാരങ്ങളെ ബിൽ ബാധിക്കരുതെന്ന് മുഖ്യമന്ത്രിയും പറഞ്ഞിരുന്നു.