ന്യൂ ഡൽഹി: മുൻ ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയിയുടെ രാജ്യസഭയിലെ പരാമർശം വിവാദമായതിന് പിന്നാലെ പ്രതികരണവുമായി സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് രംഗത്തെത്തി. സ്ഥാനമൊഴിഞ്ഞ ശേഷമുള്ള ജഡ്ജിമാരുടെ അഭിപ്രായങ്ങൾ തികച്ചും വ്യക്തിപരമായതാണെന്നായിരുന്നു അദ്ദേഹം പറഞ്ഞത്. ഇന്ത്യൻ ഭരണഘടനയുടെ അടിസ്ഥാനഘടനാസിദ്ധാന്തം സംവാദാത്മകമാണെന്ന ഗോഗോയിയുടെ പരാമർശമാണ് വിവാദമായിരിക്കുന്നത്. കാശ്മീരിൽ ഭരണഘടനയുടെ 370 മത്തെ വകുപ്പ് എടുത്തു കളഞ്ഞതുമായി ബന്ധപ്പെട്ട വാദത്തിനിടെയാണ് കബിൽ സിബൽ ഗൊഗോയി പറഞ്ഞ പ്രസ്താവന പരാമർശിച്ചത്. താങ്കളുടെ സഹപ്രവർത്തകൻ ഭരണഘടനയുടെ അടിസ്ഥാനസിദ്ധാന്തം സംവേദനാത്മകമെന്ന് പറഞ്ഞെന്നും കശ്മീരിന്റെ പദവി എടുത്തു കളഞ്ഞത് ശരിയായില്ലെന്നും കബിൽ സിബൽ അഭിപ്രായപ്പെട്ടു.
ഒരിക്കൽ ജഡ്ജിയായിരുന്നവർ പറയുന്ന അഭിപ്രായം വ്യക്തിപരമാണെന്ന് ചീഫ് ജസ്റ്റിസ് മറുപടിയായി പറഞ്ഞു. തന്റെ സഹ പ്രവർത്തകനെന്ന് വിശേഷിപ്പിക്കുന്നതിന് മുൻപ് അയാൾ ജോലിയിൽ തുടരുന്ന വ്യക്തിയാണോയെന്ന് നോക്കണമെന്നും അദ്ദേഹം വ്യക്തമാക്കി. അതെ സമയം ഈ വിഷയം ഉന്നയിക്കേണ്ടത് പാർലമെന്റിലാണെന്ന് പറഞ്ഞിരിക്കുകയാണ് കേന്ദ്രത്തിന് വേണ്ടി ഹാജരായ സോളിസിറ്റർ ജനറൽ തുഷാർ മേത്ത. കോടതിയിലെ വിഷയം പാർലമെന്റിൽ ചർച്ചചെയ്യാത്ത പക്ഷം പാർലമെന്റിൽ ഉന്നയിക്കേണ്ട കാര്യം കോടതിയിൽ പറയേണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. എന്നാൽ ഗൊഗോയിയുടെ പരാമർശം ഭരണഘടനയുടെ അഴിച്ചു പണി നടത്താനുള്ള സൂചനയാണെന്ന് പ്രതിപക്ഷം ആരോപിക്കുന്നുണ്ട്.

