ഡൽഹി ഭരണ നിയന്ത്രണ ബിൽ പാസാക്കി രാജ്യസഭ; എതിർപ്പുമായി പ്രതിപക്ഷം

ന്യൂഡൽഹി: ഡൽഹി ഭരണ നിയന്ത്രണ ബിൽ പാസാക്കി രാജ്യസഭ. പ്രതിപക്ഷ ആവശ്യത്തെ തുടർന്ന് ഇലക്ട്രോണിക് വോട്ടിങ് ഒഴിവാക്കി അംഗങ്ങൾക്ക് സ്ലിപ് നൽകി. തുടർന്ന് നടന്ന വോട്ടെടുപ്പിൽ ബിൽ പാസായി. ശക്തമായ വിമർശനങ്ങളാണ് ബില്ലിനെതിരെ പ്രതിപക്ഷം ഉന്നയിച്ചത്.

പ്രതിപക്ഷത്ത് നിന്നുയർന്ന ശക്തമായ വിമർശനങ്ങളെയും എതിർ വാദങ്ങളെയും ഭരണപക്ഷത്ത് നിന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ നേതൃത്വത്തിലാണ് നേരിട്ടത്. സുപ്രീംകോടതിയുടെ ഉത്തരവിനെ ലംഘിക്കുന്നതല്ല ഡൽഹി ബില്ല് എന്ന് അമിത് ഷാ അറിയിച്ചു. ഡൽഹിയുടെ വികസനത്തിന് സഹായകരമാകുന്ന നിലയിൽ അഴിമതിയില്ലാത്ത പ്രദേശമായി മാറ്റുന്നതാണ് ബില്ലെന്നും അദ്ദേഹം അറിയിച്ചു.

ജയ ബച്ചനടക്കം നാല് വനിതാ എംപിമാർ ഇറങ്ങിപ്പോയി. ബില്ലിൽ ചർച്ച നടക്കുന്നതിനിടെ പ്രസംഗിക്കാൻ എഴുന്നേറ്റ ബിജെപി എംപിയും മുൻ സുപ്രീം കോടതി ചീഫ് ജസ്റ്റിസുമായ രഞ്ജൻ ഗൊഗോയിക്കെതിരെ വിമർശനം ഉന്നയിച്ചായിരുന്നു എംപിമാരുടെ ഇറങ്ങിപ്പോക്ക് . പ്രതിപക്ഷത്തെയും ഭരണപക്ഷത്തെയും അംഗങ്ങൾ ബില്ലിനെ എതിർത്തും അനുകൂലിച്ചും വാദങ്ങളുയർത്തി.