സീറ്റ് ബെൽറ്റില്ലാതെയോടുന്ന ഹെവി വാഹനങ്ങൾക്ക് പിടിയിടാനൊരുങ്ങി ഗതാഗത കമ്മീഷണർ

തിരുവനന്തപുരം : ഇരുചക്ര മുച്ചക്ര വാഹനങ്ങളല്ലാതെയുള്ള സീറ്റ് ബെൽറ്റില്ലാതെയോടുന്ന ഹെവി വാഹനങ്ങൾക്കെതിരെ പിടിമുറുക്കി ഗതാഗത കമ്മീഷണർ. ഇത്തരക്കാരെ പിടികൂടാൻ കമ്മീഷണർ ആർ ടി ഒ യ്ക്കും ജോയിൻറ് ആർ ടി ഒ യ്ക്കും കത്തയച്ചു കഴിഞ്ഞു. ഹെവി വാഹനങ്ങളിലെ നിയമലംഘനം തിരിച്ചറിയാനുള്ള സാങ്കേതികത്വം എ ഐ ക്യാമറകളിൽ കെൽട്രോൺ ഒരുക്കി കഴിഞ്ഞിരിക്കുകയാണ്. ഓട്ടോ, ടു വീലർ വാഹനങ്ങൾ ഒഴിച്ചുള്ള എല്ലാ വാഹനങ്ങളിലും സീറ്റ് ബെൽറ്റ് ഉറപ്പു വരുത്തുക എന്നതാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. കാർ, ഹെവി വാഹനങ്ങൾ എന്നിവയിൽ സീറ്റ് ബെൽറ്റ് ഉപയോഗിക്കാത്ത സാഹചര്യം കണ്ട വരുന്നുണ്ട്. ഇതു പോലെയുള്ള നിയമ ലംഘനം കണ്ടെത്തി കടുത്ത നടപടി സ്വീകരിക്കാനാണ് ആർ ടി ഒ മാർക്ക് നിർദ്ദേശം നൽകിയിരിക്കുന്നത്.

അടുത്ത മാസം തീയതി മുതൽ ഹെവി ഡ്രൈവർമാർക്കും മുൻ സീറ്റിൽ യാത്ര ചെയ്യുന്നവർക്കും സീറ്റ് ബെൽറ്റ് നിർബന്ധമാക്കിയതോടെ ഇവ ഘടിപ്പിക്കുന്ന തിരക്കിലാണ് കെ എസ് ആർ ടി സി അടക്കമുള്ള വാഹനങ്ങൾ. സ്വകാര്യ ബസ് ഉടമകളുടെ കാര്യം ഇപ്പോഴും വ്യക്തതയില്ലാതെ തുടരുകയാണ്. പലബസ്സുകളിലും ഡ്രൈവർക്ക് എതിരെയുള്ള പെട്ടി സീറ്റിൽ ആളുകൾ ഇരിക്കാറുണ്ടെങ്കിലും ഇവ നിയമപ്രകാരം അനുവദനീയമല്ല.