തിരുവനന്തപുരം : ശ്രീ പത്മനാഭ സ്വാമി ക്ഷേത്രത്തിന് മുകളിലൂടെ ഹെലികോപ്റ്റർ സഞ്ചരിച്ചുവെന്നത് സ്ഥിരീകരിച്ചു. സുരക്ഷാ വീഴ്‌ച്ചയില്ലെന്ന് പോലീസ് പറഞ്ഞിരുന്നെങ്കിലും സംഭവത്തെ ചോദ്യം ചെയ്ത് നേരത്തെ ഭരണ സമിതി രംഗത്ത് വന്നിരുന്നു. ജൂലൈ 28 ന് രാത്രി 7 മണിക്ക് സ്വകാര്യ വിമാന കമ്പനിയുടെ ഹെലികോപ്റ്റർ ക്ഷേത്രത്തിന് മുകളിലൂടെ 5 തവണ പറന്നുവെന്നും അതിൽ സുരക്ഷാവീഴ്‌ച്ച ഉണ്ടായില്ലെന്നുമായിരുന്നു പോലീസ് നേരത്തെ പറഞ്ഞത്. വിമാനത്താവളത്തിലെ എയർ ട്രാഫിക് കൺട്രോൾ അധികൃതർ നൽകിയ വഴിയിലൂടെയാണ് സഞ്ചരിച്ചതെന്ന് വിമാനത്തിലുണ്ടായിരുന്നവർ പിന്നീട് വ്യക്തമാക്കിയിരുന്നു.
സൈനിക സേവനത്തിൽ നിന്ന് വിരമിച്ചവർ സ്വകാര്യ വിമാന കമ്പനിയിൽ പ്രവേശിക്കുന്നതിന് മുൻപ് ഇത്തരം പരിശീലന പറക്കലുകൾ നടത്താറുണ്ടെന്ന് പറയുന്നുണ്ടെങ്കിലും ഇതിനെ പറ്റിയുള്ള വിവരങ്ങളെല്ലാം രഹസ്യമായി സൂക്ഷിച്ചിരിക്കുകയാണ്. ഹെലികോപ്റ്റർ ക്ഷേത്രത്തിന് മുകളിലൂടെ പറത്തിയത് ആശങ്കാജനകമായ കാര്യമാണെന്നാണ് ഭരണസമിതിയിലെ കേന്ദ്ര പ്രതിനിധിയായ കുമ്മനം രാജശേഖരൻ പ്രതികരിച്ചത്. സർക്കാർ ഇക്കാര്യം ഗൗരവമായി എടുക്കണമെന്നും അദ്ദേഹം ഫേസ്ബുക്ക് പോസ്റ്റിലൂടെ പറഞ്ഞു. അതീവ സുരക്ഷാ മേഖലയായ ക്ഷേത്രത്തിന് മുകളിലൂടെ ഹെലികോപ്റ്റർ പറത്തിയ സംഭവത്തിന്റെ വിശദമായ വിവരം അറിയില്ലെന്നും കാരണം വ്യക്തമല്ലെന്നും ക്ഷേത്രം എക്സിക്യൂട്ടീവ് ഓഫീസർ മഹേഷ് പ്രതികരിച്ചിരുന്നു.

