ന്യൂഡൽഹി: സംഘടനയെ ശക്തിപ്പെടുത്തുമെന്ന് ഉറപ്പു നൽകി കെ പി സി സി അധ്യക്ഷൻ കെ സുധാകരൻ. സംസ്ഥാന നേതാക്കളുമായി കോൺഗ്രസ് ഹൈക്കമാൻഡ് ഡൽഹിയിലെ എ ഐ സി സി ആസ്ഥാനത്ത് നടത്തിയ ചർച്ചയിലാണ് കെ സുധാകരൻ ഇക്കാര്യം വ്യക്തമാക്കിയത്. ഒക്ടോബർ 31 ന് അകം ബൂത്ത് തലം വരെ ശക്തിപ്പെടുത്തി സംഘടനയെ ശക്തമായ നിലയിലേക്ക് എത്തിക്കുമെന്ന് എ ഐ സി സി ചർച്ചയിൽ കെ സുധാകരൻ വ്യക്തമാക്കി.
ഭാവി പ്രവർത്തനങ്ങളെ കുറിച്ച് പ്രത്യേക നോട്ട് അദ്ദേഹം അവതരിപ്പിക്കുകയും ചെയ്തു. ലോക്‌സഭ തെരഞ്ഞെടുപ്പിന് പാർട്ടിയെ സജ്ജമാക്കുന്നതിന്റെ ഭാഗമായാണ് കേന്ദ്ര നേതൃത്വം സംസ്ഥാന നേതാക്കളുമായി ഡൽഹിയിൽ യോഗം ചേർന്നത്. പുതുപ്പള്ളി നിയമസഭാ തെരഞ്ഞെടുപ്പ് ഒരുക്കങ്ങളെ കുറിച്ചും യോഗം ചർച്ച ചെയ്തു.
സംസ്ഥാനത്ത് ലോക്‌സഭാ തെരഞ്ഞെടുപ്പ് പ്രചാരണം അധികം വൈകാതെ ആരംഭിക്കുമെന്ന് എഐസിസി ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ പറഞ്ഞു. വരുന്ന ലോക്സഭാ തെരഞ്ഞെടുപ്പിൽ കേരളത്തിലെ 20 സീറ്റുകളും കോൺഗ്രസ് നേടുമെന്നും അദ്ദേഹം വ്യക്തമാക്കി. നിലവിൽ കേരളത്തിലെ 20 സീറ്റുകൾ ജയിക്കാനാകുന്ന സ്ഥിതിയാണ്. ഇക്കാര്യത്തിൽ നേതാക്കളെല്ലാം ശുഭാപ്തിവിശ്വാസത്തിലാണ്. ഈ സ്ഥിതി വോട്ടാക്കി മാറ്റാനുള്ള പ്രചാരണം ആരംഭിക്കാനാണ് തീരുമാനം. പാർട്ടിക്ക് അകത്ത് പറയേണ്ട കാര്യങ്ങൾ പരസ്യ പ്രതികരണമായി മാറരുതെന്ന കർശന നിർദേശം നേതാക്കൾക്ക് നൽകിയിട്ടുണ്ട്. മുഴുവൻ നേതാക്കളും അഭിപ്രായ വ്യത്യാസങ്ങളെല്ലാം മറന്ന് ഒറ്റക്കെട്ടായി ജനങ്ങളെ സമീപിക്കും. സംസ്ഥാനത്തെ നിലവിലെ സ്ഥിതിയിൽ ജനങ്ങൾ അസ്വസ്ഥരാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

