റോഡ് ക്യാമറയുടെ പിഴ ഒടുക്കാത്തവർക്കെതിരെ പിടി മുറുക്കി സർക്കാർ

തിരുവനന്തപുരം : ഇനി മുതൽ ഗതാഗത നിയമ ലംഘനങ്ങൾക്കുള്ള പിഴ ഒടുക്കാത്തവർക്ക് ഇൻഷുറൻസ് പുതുക്കി നൽകില്ലെന്ന് ഗതാഗത മന്ത്രി. പിഴ പൂർണമായി അടച്ചു തീർത്തവർക്ക് മാത്രമേ ഇൻഷുറൻസ് ഇനി മുതൽ ലഭിക്കുകയുള്ളുവെന്നും ഇതിനായി ഇൻഷുറൻസ് കമ്പനികളുമായി ചർച്ച നടന്നു വരികയാണെന്നും ആൻ്റണി രാജു വ്യക്തമാക്കി. 2022 ൽ അപകടങ്ങളിൽ പരിക്കേറ്റവരുടെ എണ്ണം 3992 ആയിരുന്നെങ്കിൽ 2023 ജൂലൈയിൽ പരിക്കേറ്റവരുടെ എണ്ണം 3316 ആയി കുറഞ്ഞുവെന്ന് മന്ത്രി പറഞ്ഞു.

ജൂൺ 5 മുതൽ ഓഗസ്റ്റ് 2 വരെ 32,42,277 നിയമലംഘനങ്ങൾ കണ്ടെത്തി. നിയമലംഘനത്തിന് പിഴ ഈടാക്കാൻ 3,82,580 ചെല്ലാൻ നൽകി. 25 കോടി 81 ലക്ഷം രൂപ ഇ ചെല്ലാൻ വഴി ലഭിച്ചെന്നും മന്ത്രി അറിയിച്ചു. 19 എം എൽ എ മാരുടെയും 10 എം പി മാരുടെയും വാഹനങ്ങൾ ഉൾപ്പെടെ 328 സർക്കാർ വാഹങ്ങൾക്ക് പിഴ ചുമത്തിയെന്നും വി ഐ പി മാരെ ഒഴിവാക്കുന്നെന്ന ആരോപണം തെറ്റാണെന്നും മന്ത്രി വ്യക്തമാക്കി. കാസർഗോഡ് ജില്ലയിലാണ് കൂടുതൽ നിയമലംഘനം കണ്ടെത്തിയതെന്നും ഓൺലൈൻ അപ്പീൽ സംവിധാനം സെപ്തംബർ 1 മുതൽ ആരംഭിക്കുമെന്നും മന്ത്രി വ്യക്തമാക്കി.