ബി ജെ പി ദേശീയ സെക്രട്ടറിയായി അനിൽ ആന്റണിയെ തിരഞ്ഞെടുത്തു ;അബ്ദുള്ളകുട്ടി ഉപാധ്യക്ഷനായി തുടരും

ന്യൂ ഡൽഹി : കോൺഗ്രസിന്റെ മുതിർന്ന നേതാവ് എ കെ ആന്റണിയുടെ മകനെ ബി ജെ പി ദേശീയ സെക്രട്ടറിയായി നിയമിച്ചു. ഈ വർഷം ഏപ്രിലിൽ കോൺഗ്രസ് വിട്ട് ബി ജെ പിയിൽ ചേർന്ന അനിലിനെ പാർട്ടിയുടെ 13 ദേശീയ സെക്രട്ടറിമാരിൽ ഒരാളായിട്ടാണ് നിയമിച്ചിരിക്കുന്നത്. നിലവിൽ ഉത്തർപ്രദേശ് ലെജിസ്ലേറ്റീവ് അംഗമായ അലിഗഡ് മുസ്ലിം സർവകലാശാല മുൻ വൈസ് ചാൻസലർ താരിഖ് മൻസൂറും പുതിയ ഉപാധ്യക്ഷന്മാരുടെ പട്ടികയിലുണ്ട്.

അബ്ദുള്ള കുട്ടിയെ ഉപാധ്യക്ഷനായി നിലനിർത്തിയിട്ടുണ്ട്. ജെ പി നദ്ദ പ്രഖ്യാപിച്ച പുതിയ ഭാരവാഹി പട്ടിക പ്രകാരം 13 വൈസ് പ്രസിഡന്റുമാരും 9 ജനറൽ സെക്രട്ടറിമാരും ബി ജെ പിക്കുണ്ട്. തെലങ്കാന ബി ജെ പി മുൻ അധ്യക്ഷൻ ബന്ദി സഞ്ജയ്കുമാറിനെ പാർട്ടി ദേശീയ ജനറൽ സെക്രട്ടറിയായി പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും കേരളത്തിൽ നിന്നുള്ള ഭാരവാഹികളായി ആൻ്റണിയും അബ്‌ദുള്ള കുട്ടിയും മാത്രമാണുള്ളത്.