യാത്രക്കാരുടെ സുരക്ഷ; ബെംഗളൂരു-മൈസൂരു അതിവേഗ പാതയിൽ എസ്ഒഎസ് പെട്ടികൾ സ്ഥാപിച്ചു

ബെംഗളൂരു: ബെംഗളൂരു-മൈസൂരു അതിവേഗ പാതയിൽ യാത്രക്കാരുടെ സുരക്ഷയ്ക്കായി സംവിധാനം യാത്രക്കാരുടെ സുരക്ഷയ്ക്കായി പാതയിൽ എസ്ഒഎസ് പെട്ടികൾ സ്ഥാപിച്ചിരിക്കുകയാണ്. ദേശീയപാത അതോറിറ്റിയാണ് ഇതുസംബന്ധിച്ച നടപടികൾ സ്വീകരിച്ചത്. അടിയന്തരഘട്ടങ്ങളിൽ യാത്രക്കാർക്ക് ഈ സംവിധാനത്തിലൂടെ അധികൃതരുമായി ബന്ധപ്പെടാം.

മഞ്ഞ നിറത്തിലുള്ള പെട്ടിയിലെ ‘എമർജൻസി’ എന്ന സ്വിച്ചമർത്തിയാൽ മൈസൂരുവിലെ കൺട്രോൾ റൂമുമായി ബന്ധപ്പെടാവുന്നതാണ്. ഇവിടെനിന്ന് എസ്ഒഎസ് പെട്ടിയുടെ ഏറ്റവും അടുത്തുള്ള പോലീസിന്റെ പട്രോളിങ് വാഹനത്തിനും പോലീസ് സ്റ്റേഷനിലും ആംബലൻസിലും സന്ദേശങ്ങൾ കൈമാറി സഹായമെത്തിക്കും. ജിപിഎസ് സംവിധാനവും ഇതിൽ സജ്ജീകരിച്ചിട്ടുണ്ട്. സൗരോർജമുപയോഗിച്ചാണ് ഇവ പ്രവർത്തിക്കുന്നത്.

അപകടങ്ങൾ കുറയ്ക്കാനുള്ള വിവിധ സംവിധാനങ്ങളൊരുക്കുന്നതിന്റെ ഭാഗമായാണ് എസ്.ഒ.എസ്. പെട്ടികൾ സ്ഥാപിച്ചത്. സംസ്ഥാനത്ത് ഏറ്റവും കൂടുതൽ അപകടങ്ങളുണ്ടാകുന്ന പാതയാണ് ബെംഗളൂരു- മൈസൂരു അതിവേഗപാത.