തിരുവനന്തപുരം: നിയമസഭാ കൈയാങ്കളി കേസിൽ ഇടക്കാല തുടരന്വേഷണ പുരോഗതി റിപ്പോർട്ട് ഹാജരാക്കി ക്രൈംബ്രാഞ്ച്. തിരുവനന്തപുരം ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയിലാണ് ക്രൈംബ്രാഞ്ച് റിപ്പോർട്ട് ഹാജരാക്കിയത്. അന്വേഷണം തുടരുന്നതായി റിപ്പോർട്ടിൽ വ്യക്തമാക്കിയിട്ടുണ്ട്. ഓഗസ്റ്റ് 17 ന് തുടർ റിപ്പോർട്ട് ഹാജരാക്കണമെന്നാണ് സിജെഎം ഷിബു ഡാനിയേൽ ഉത്തരവിട്ടിരിക്കുന്നത്.
ജൂലൈ 6 ന് തുടരന്വേഷണത്തിന് കോടതി അനുമതി നൽകിയിരുന്നു. രണ്ട് മാസത്തിനുള്ളിൽ അന്വേഷണം പൂർത്തിയാക്കാനും ഉത്തരവിട്ടിരുന്നത്. അക്രണ സമയത്ത് പരുക്കേറ്റ എംഎൽഎമാരെ ചികിൽസിച്ച ഡോക്ടർമാരുടെ മൊഴി രേഖപ്പെടുത്തി. മെഡിക്കൽ കോളജിലെയും ജനറൽ ആശുപത്രിയിലെയും ഡോക്ടർമാരുടെ മൊഴിയാണ് രേഖപ്പെടുത്തിയതെന്ന് റിപ്പോർട്ടിൽ പറയുന്നു. മന്ത്രി ശിവൻകുട്ടിക്ക് പരിക്കേറ്റ ചികിത്സാ രേഖകൾക്കായി നോട്ടിസ് നൽകിയെങ്കിലും ഇതുവരെ ലഭിച്ചിട്ടില്ല. നിയമസഭയിലെ വാച്ച് ആൻഡ് വാർഡിന്റെ മൊഴി രേഖപ്പെടുത്തിയതായും ഡിവൈഎസ്പി സജീവ് സമർപ്പിച്ച റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു.
എം എൽ എ മാരായ ആയിഷ പോറ്റി, ജമീല പ്രകാശം, ടി.വി.രാജേഷ്, എ.പി.അനിൽകുമാർ, എം.എ.വാഹിദ്, വി.ശശി, സി ദിവാകരൻ, വി എസ്.ശിവകുമാർ , ബിജിമോൾ, എ.ടി.ജോർജ് എന്നിവരുടെ മൊഴി രേഖപ്പെടുത്തിയിട്ടുണ്ട്. ജൂലൈ 10 ന് മുൻ എംഎൽഎ എൻ ശക്തന് നോട്ടിസ് അയച്ചെങ്കിലും മൊഴി രേഖപ്പെടുത്താൻ കഴിഞ്ഞില്ല. അസൗകര്യമുണ്ടെന്നും പാർട്ടിയോട് ആലോചിച്ച ശേഷമേ മൊഴി നൽകാൻ കഴിയൂ എന്നും ശക്തൻ അന്വേഷണ സംഘത്തെ അറിയിച്ചുവെന്നും റിപ്പോർട്ടിൽ വ്യക്തമാക്കിയിട്ടുണ്ട്.

