പുതുപ്പള്ളിയിൽ ഉമ്മൻ ചാണ്ടി അനുസ്മരണ യോഗങ്ങൾ സംഘടിപ്പിച്ച് കോൺഗ്രസ് നേതാക്കൾ

കോട്ടയം : ഉപതിരഞ്ഞെടുപ്പിന് മുന്നോടിയായി പുതുപ്പള്ളി മണ്ഡലത്തിൽ ഉമ്മൻ‌ചാണ്ടി അനുസ്മരണ യോഗങ്ങൾ സംഘടിപ്പിച്ച് ഉന്നത നേതാക്കളെ പങ്കെടുപ്പിച്ച് കോൺഗ്രസ്സ്. ഇടതുമുന്നണി ഭരിക്കുന്ന പഞ്ചായത്തായ പാമ്പാടിയിൽ ഇന്ന് നടക്കുന്ന യു ഡി എഫ് യോഗം വി ഡി സതീശൻ ഉദഘാടനം ചെയ്യും. നാളെ കോട്ടയം മീനടത്ത് ചേരുന്ന യോഗം ശശി തരൂർ ഉദ്ഘാടനം ചെയ്യും. ഈ രണ്ട് യോഗങ്ങളിലും പുതുപ്പള്ളിയിൽ മത്സരിക്കുമെന്ന് കരുതുന്ന ഉമ്മൻ ചാണ്ടിയുടെ മകൻ ചാണ്ടി ഉമ്മൻ പ്രസംഗിക്കും.

മിക്ക ഉമ്മൻ ചാണ്ടി അനുസ്മരണ യോഗങ്ങളിലുമെത്തി സംസാരിക്കാറുള്ള ചാണ്ടി ഉമ്മൻ അപ്പയുടെ കല്ലറയിൽ എന്നുമെത്തി വൈകാരിക പിൻതുണയും ഉറപ്പാക്കുന്നുണ്ട്. ഉമ്മൻ ചാണ്ടി കഴിഞ്ഞ തിരഞ്ഞെടുപ്പിൽ മത്സരിച്ചപ്പോൾ ഉമ്മൻചാണ്ടിയെ പിന്തുണക്കാതെ ഇരുന്ന യാക്കോബായ സഭ അദ്ദേഹത്തിന്റെ വിയോഗത്തോടെ ആശ്വാസവചനങ്ങളുമായി കുടുംബത്തെ സന്ദർശിച്ചിരുന്നു. യു ഡി എഫ് തിരഞ്ഞെടുപ്പിനെ മുന്നിൽ കണ്ട് മണ്ഡല പ്രവർത്തനങ്ങളിൽ സജീവമാകുമ്പോൾ തിരഞ്ഞെടുപ്പിൽ ഏറെക്കുറെ ജയം ഉറപ്പാക്കുന്ന മട്ടാണ്.