ന്യൂഡൽഹി: കേന്ദ്രസർക്കാരിനെതിരേ ലോക്സഭയിൽ അവിശ്വാസപ്രമേയത്തിന് നോട്ടീസ് നൽകി പ്രതിപക്ഷ പാർട്ടികൾ. മണിപ്പുർ കലാപവുമായി ബന്ധപ്പെട്ടാണ് പ്രതിപക്ഷ പാർട്ടികളുടെ നീക്കം. കോൺഗ്രസും ബി ആർഎസുമാണ് അവിശ്വാസപ്രമേയ നോട്ടീസ് നൽകിയത്. കോൺഗ്രസിന്റെ ലോക്സഭയിലെ ഉപനേതാവായ അസമിൽ നിന്നുള്ള എം പി ഗൗരവ് ഗൊഗോയും കെ ചന്ദ്രശേഖർ റാവുവിന്റെ പാർട്ടിയായ ബിആർഎസ് എം പി നാമനാഗേശ്വര റാവുവുമാണ് അവിശ്വാസപ്രമേയത്തിന് നോട്ടീസ് നൽകിയത്.
മണിപ്പൂർ കലാപവുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രി സഭയിലെത്തി പ്രസ്താവന നടത്തണമെന്ന ആവശ്യം തുടർച്ചയായി നിരാകരിക്കപ്പെടുന്ന പശ്ചാത്തലത്തിലാണ് പ്രതിപക്ഷം അവിശ്വാസപ്രമേയത്തിന് നോട്ടീസ് നൽകാൻ തീരുമാനിച്ചത്. രാജ്യം നേരിടുന്ന വലിയ പ്രശ്നത്തിൽ നീണ്ടചർച്ചകൾ സാധ്യമാക്കുകയും പ്രധാനമന്ത്രി നേരിട്ടെത്തി മറുപടി പറയാൻ നിർബന്ധിതമാക്കുകയുമാണ് പ്രമേയത്തിന്റെ ലക്ഷ്യമെന്ന് എ.എ.പി. എം.പി. രാഘവ് ഛദ്ദ അറിയിച്ചു.
പ്രധാനമന്ത്രിയെ സഭയിലെത്തിക്കാൻ പ്രതിപക്ഷത്തിന് അവിശ്വാസപ്രമേയം അവതരിപ്പിക്കേണ്ടിവന്നത് ദൗർഭാഗ്യകരമാണെന്ന് ആർ.എസ്.പി. എം.പി. എൻ.കെ. പ്രമേചന്ദ്രൻ പറഞ്ഞു. ഇത് അസാധാരണമാണ്. രാജ്യത്ത് ഇങ്ങനെയൊരു സാഹചര്യം മുമ്പുണ്ടായിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

