ഡൽഹി : വാരണാസി ജില്ലാ കോടതിയുടെ ഉത്തരവ് പ്രകാരം നടത്താനിരുന്ന ഗ്യാൻ വാപി പള്ളിയിലെ സർവ്വേ സുപ്രീംകോടതി തടഞ്ഞു. മറ്റന്നാൾ വൈകിട്ട് വരെ സർവ്വേ തടഞ്ഞ് ഉത്തരവിട്ട സുപ്രീംകോടതി ജില്ലാ കോടതിയുടെ ഉത്തരവിനെതിരെ അപ്പീൽ നൽകാൻ മസ്ജിദ് കമ്മിറ്റിക്ക് സമയവും അനുവദിച്ചു. കഴിഞ്ഞ വെള്ളിയാഴ്ചയാണ് ജില്ലാ കോടതി പള്ളിയിൽ സർവ്വേ നടത്തി ആഗസ്റ്റ് നാലിന് റിപ്പോർട്ട് സമർപ്പിക്കാൻ നിർദ്ദേശം നൽകിയത്. തുടർന്ന് പള്ളി കമ്മിറ്റി സുപ്രീംകോടതിയെ സമീപിച്ച് അപ്പീൽ നൽകാൻ സമയം അനുവദിക്കണമെന്ന് ആവശ്യപ്പെട്ടതോടെയാണ് ബുധനാഴ്ച വൈകുന്നേരം വരെ കോടതി സർവേ തടഞ്ഞത്.
ജില്ലാ കോടതി ഉത്തരവിനെതിരെ പള്ളി കമ്മിറ്റിക്ക് അലഹബാദ് കോടതിയിൽ അപ്പീൽ നൽകാനും സുപ്രീംകോടതി അവസരം നൽകി . പള്ളിയുടെ അകംകുഴിച്ച് പരിശോധന നടത്താൻ സാധ്യതയുണ്ടെന്ന് കമ്മിറ്റിക്ക് വേണ്ടി ഹാജരായ അഭിഭാഷകൻ കോടതിയിൽ പറഞ്ഞപ്പോൾ നിലവിൽ അളക്കലും റഡാർ ഇമേജിങ്ങും ഫോട്ടോഗ്രാഫിയും മാത്രമേ തങ്ങൾ ചെയ്യുന്നുള്ളൂവെന്ന് കേന്ദ്രം വ്യക്തമാക്കി. സർവ്വേ നടപടികൾ നിർത്തിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് ലീഗ് എംപിമാർ പാർലമെന്റിൽ നോട്ടീസ് നൽകിയിരിക്കുകയാണ്.

