തിരുവനന്തപുരം: കെഎസ്ആർടിസി ജീവനക്കാർക്ക് ശമ്പളം നൽകുന്നതിനായി സർക്കാർ സഹായം നൽകുമെന്ന് ധനമന്ത്രി കെ എൻ ബാലഗോപാൽ. കെഎസ്ആർടിസിയ്ക്ക് പുതിയ വാഹനങ്ങൾ വാങ്ങുന്നതിനും കെട്ടിടങ്ങൾ പണിയുന്നതിനുമായി മൂലധന നിക്ഷേപമടക്കം സർക്കാർ നൽകിയിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു. വാർത്താ സമ്മേളനത്തിൽ സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്.
കെഎസ്ആർടിസിയ്ക്ക് വരുമാനം വർധിപ്പിക്കാനുള്ള ശ്രമങ്ങൾ ഉണ്ടാവണം. കെഎസ്ആർടിസി ജീവനക്കാർക്ക് ശമ്പളം നൽകുന്നതുമായി ബന്ധപ്പെട്ട വിഷയത്തിൽ കേന്ദ്ര സർക്കാരിനെ അദ്ദേഹം കുറ്റപ്പെടുത്തുകയും ചെയ്തു. എണ്ണ വിലക്കയറ്റം, കേന്ദ്ര നയങ്ങൾ, നികുതി വിഹിതം സംസ്ഥാനത്തിന് ലഭിക്കാത്തത് തുടങ്ങിയ വിഷയങ്ങൾ കെഎസ്ആർടിസിയിലെ പ്രതിസന്ധിക്ക് കാരണമായി. കെഎസ്ആർടിസിയ്ക്ക് മുൻപ് ഇത്തരത്തിൽ സഹായങ്ങൾ വേണ്ടിവന്നിരുന്നില്ല. എണ്ണ വിലക്കയറ്റം, കേന്ദ്ര സർക്കാർ നയങ്ങൾ എന്നിവയെല്ലാമായി പിന്നീട് കെഎസ്ആർടിസി പ്രതിസന്ധിയിലായി. കേന്ദ്ര സർക്കാരിന്റെ സമീപനങ്ങളാണ് പൊതുമേഖലയെ ആകെ ബാധിക്കുന്നത്. കേന്ദ്രം പൊതുമേഖലാ സ്ഥാപനങ്ങളെ ഇല്ലാതാക്കുന്ന സമീപനമാണ് സ്വീകരിക്കുന്നത്. എന്നാൽ സംസ്ഥാന സർക്കാർ പൊതുമേഖലയെ ശക്തിപ്പെടുത്താനുള്ള അടിസ്ഥാന സൗകര്യങ്ങൾ വികസിപ്പിക്കുകയും പിന്തുണ നൽകുകയുമാണ് ചെയ്യുന്നതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
കെഎസ്ആർടിസിയിൽ ഒരുമാസം 120 കോടി രൂപയിലധികമാണ് ശമ്പളത്തിനും പെൻഷനുമായി ചെലവുവരുന്നത്. അത് സ്ഥിരമായി നൽകാമെന്ന് സർക്കാർ ഏറ്റിട്ടില്ല. എന്നാൽ നിലവിൽ നൽകിക്കൊണ്ടിരിക്കുന്നുണ്ട്. കേന്ദ്രത്തിൽനിന്ന് മുൻപ് സംസ്ഥാനത്തിനു ലഭിച്ചിരുന്ന നികുതി വിഹിതം ഇപ്പോൾ ലഭിക്കുന്നില്ല. അത് ലഭിച്ചാൽത്തന്നെ പ്രതിവർഷം 20,000 കോടി രൂപ അധിക വരവുണ്ടാകും. ഈ പണം കേരളത്തിന് ലഭിക്കുന്നില്ലെന്നും ബാലഗോപാൽ പറഞ്ഞു.
ഓണക്കിറ്റിനെക്കുറിച്ച് തീരുമാനമെടുത്തില്ല. കോവിഡിന്റെ സമയത്ത് ലഭിച്ചിരുന്നതുപോലെയുള്ള ഓണക്കിറ്റ് ഇത്തവണ ലഭിക്കില്ല. മുൻപ് എല്ലാവർക്കും നൽകിയതുപോലെയുള്ള ഓണക്കിറ്റ് ഇത്തവണയുണ്ടാകില്ലെന്നും മന്ത്രി അറിയിച്ചു.

