ഉമ്മൻചാണ്ടിയുടെ വിയോഗം കോൺഗ്രസ് പാർട്ടിയ്ക്ക് തീരാനഷ്ടം; രോഗാവസ്ഥയിലും പാർട്ടിയെ ശക്തിപ്പെടുത്താനാണ് ഉമ്മൻ ചാണ്ടി ശ്രമിച്ചതെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: ഉമ്മൻചാണ്ടിയുടെ വിയോഗം കോൺഗ്രസ് പാർട്ടിയ്ക്ക് തീരാനഷ്ടമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. രോഗാവസ്ഥയിലും കോൺഗ്രസ് പാർട്ടിയെ ശക്തിപ്പെടുത്താനാണ് ഉമ്മൻ ചാണ്ടി ശ്രമിച്ചതെന്ന് അദ്ദേഹം പറഞ്ഞു. അയ്യൻകാളി ഹാളിൽ കെപിസിസി സംഘടിപ്പിച്ച ഉമ്മൻ ചാണ്ടി അനുസ്മരണ യോഗത്തിൽ സംസാരിക്കവെയായിരുന്നു അദ്ദേഹത്തിന്റെ വാക്കുകൾ.

1970 ലാണ് ഉമ്മൻ ചാണ്ടിയും താനും നിയമസഭയിലെത്തിയത്. ആ നിയമസഭയിൽ കടന്നുവന്ന അംഗങ്ങളിൽ ഉമ്മൻ ചാണ്ടിയുടെ പ്രത്യേകത ഇതുവരെ പുതുപ്പള്ളി മണ്ഡലത്തെ തുടർച്ചയായി പ്രതിനിധീകരിക്കാനായി എന്നതാണ്. പാർലമെന്ററി പ്രവർത്തനത്തിൽ ഇതു റെക്കോർഡാണ്. ഒന്നിച്ചാണ് നിയമസഭയിലെത്തിയതെങ്കിലും തനിക്കു തുടർച്ചയായി സഭയിലെ അംഗമായി പ്രവർത്തിക്കാൻ കഴിഞ്ഞില്ല. ഉമ്മൻ ചാണ്ടി തുടർച്ചയായി ആ ചുമതല ഭംഗിയായി നിറവേറ്റി. വിവിധ വകുപ്പുകൾ കൈകാര്യം ചെയ്ത് ശോഭിക്കുന്ന ഭരണാധികാരിയെന്നു കേരളത്തിനു മുന്നിൽ തെളിയിച്ചു. രണ്ടു തവണ മുഖ്യമന്ത്രിയായപ്പോഴും ഈ ഭരണപരിചയം അദ്ദേഹത്തിനു ശക്തി പകർന്നുവെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

കോൺഗ്രസിനെ ശക്തിപ്പെടുത്താൻ ഉമ്മൻ ചാണ്ടി അങ്ങേയറ്റം പ്രാധാന്യം കൊടുത്തു. പാർട്ടിയുടെ ഏറ്റവും ചലിക്കുന്ന നേതാവായി മാറി. അദ്ദേഹത്തിനു ലഭിച്ച സ്വീകാര്യത നേതൃശേഷിയുടെ പ്രത്യേകതയാണ്. യുഡിഎഫിന്റെ ചോദ്യം ചെയ്യപ്പെടാത്ത നേതാവായി ഉമ്മൻ ചാണ്ടി മാറി. പ്രത്യേക നേതൃവൈഭവം അദ്ദേഹം പ്രകടിപ്പിച്ചു. രോഗത്തിനു മുന്നിൽ തളരാതെ അർപ്പിതമായ ഉത്തരവാദിത്തം നിറവേറ്റിയെന്നും മുഖ്യമന്ത്രി അറിയിച്ചു.

അതികഠിനമായ രോഗാവസ്ഥയിൽ പോലും കേരളത്തിൽ ഓടിയെത്തുന്ന ഉമ്മൻചാണ്ടിയെ ആണ് കാണാൻ കഴിഞ്ഞത്. അതായിരുന്നു ഉമ്മൻചാണ്ടി. യുഡിഎഫ് മുന്നണിയിൽ ചോദ്യം ചെയ്യപ്പെടാത്ത നേതാവായി ഉമ്മൻചാണ്ടി മാറി. ഇതിനെല്ലാം പ്രത്യേക നേതൃവൈഭവം ഉണ്ടായിരുന്നുവെന്നും പിണറായി വിജയൻ കൂട്ടിച്ചേർത്തു.