പ്രിയപ്പെട്ട ഇച്ചാക്കയ്ക്ക് പ്രത്യേക സ്‌നേഹവും അഭിനന്ദനങ്ങളും; കുറിപ്പുമായി മോഹൻലാൽ

തിരുവനന്തപുരം: കേരള സംസ്ഥാന ചലച്ചിത്ര പുരസ്‌കാര വിജയികൾക്ക് അഭിനന്ദനങ്ങൾ അറിയിച്ച് നടൻ മോഹൻലാൽ. മമ്മൂട്ടി, എന്റെ പ്രിയപ്പെട്ട ഇച്ചാക്കയ്ക്കും മഹേഷ് നാരായണൻ, കുഞ്ചാക്കോ ബോബൻ, വിൻസി അലോഷ്യസ് എന്നിവർക്കും പ്രത്യേക സ്‌നേഹവും അഭിനന്ദനങ്ങളും അറിയിക്കുന്നുവെന്ന് മോഹൻലാൽ വ്യക്തമാക്കി. ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

ഈ പോസ്റ്റിന് നന്ദിയറിയിച്ച് മമ്മൂട്ടി കമന്റ് ചെയ്യുകയും ചെയ്തിട്ടുണ്ട്. മമ്മൂട്ടിയുടെ കമന്റ് ആരാധകർ ഏറ്റെടുത്തിരിക്കുകയാണ്. ആശംസയ്ക്ക് നന്ദി അറിയിച്ചാണ് മമ്മൂട്ടി പോസ്റ്റിന് താഴെ കമന്റ് ചെയ്തിരിക്കുന്നത്.

നൻ പകൽ നേരത്ത് മയക്കം എന്ന ചിത്രത്തിലൂടെ മമ്മൂട്ടിയാണ് മികച്ച നടനുള്ള പുരസ്‌കാരം നേടിയത്. ഗൗതം ഘോഷ് അധ്യക്ഷനായ ജൂറിയാണ് പുരസ്‌കാര ജേതാക്കളെ തിരഞ്ഞെടുത്തത്. 154 ചിത്രങ്ങളാണ് മത്സരത്തിനെത്തിയത്. 44 ചിത്രങ്ങൾ അവസാനഘട്ട മത്സരത്തിനുണ്ടായിരുന്നു. നടി ഗൗതമി, ഛായാഗ്രാഹകൻ ഹരി നായർ, സൗണ്ട് ഡിസൈനർ ഡി യുവരാജ്, പിന്നണി ഗായിക ജെൻസി ഗ്രിഗറി എന്നിവരാണ് ജൂറി പാനലിലെ മറ്റ് അംഗങ്ങൾ.