ഐഎസിന്റെ പ്രവർത്തനത്തിനു ഫണ്ട് ശേഖരണം; പിടിയിലായവർ കേരളത്തിലും ആക്രമണത്തിനു പദ്ധതിയിട്ടിരുന്നതായി എൻഐഎ

തൃശൂർ: ഭീകരസംഘടനയായ ഐഎസിന്റെ പ്രവർത്തനത്തിനു ഫണ്ട് ശേഖരണം നടത്തിയ കേസിൽ പിടിയിലായവർ കേരളത്തിലും ആക്രമണത്തിനു പദ്ധതിയിട്ടിരുന്നതായി കണ്ടെത്തൽ. ദേശീയ അന്വേഷണ ഏജൻസിയാണ് ഇക്കാര്യം അറിയിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് നാലു പേരെ എൻഐഎ ചോദ്യം ചെയ്യുന്നുണ്ട്. തൃശൂർ മതിലകത്ത്കുടിയിൽ ആഷിഫാണ് കേസിലെ മുഖ്യപ്രതി. ഇയാളാണ് കഴിഞ്ഞ ദിവസം അറസ്റ്റിലായത്. .’പെറ്റ് ലവേഴ്‌സ്’ എന്ന സമൂഹമാധ്യമ ഗ്രൂപ്പുണ്ടാക്കി അതിലൂടെയാണ് ഇവർ രാജ്യവിരുദ്ധ പ്രവർത്തനങ്ങൾക്ക് ആഹ്വാനം ചെയ്തിരുന്നത്.

ബാങ്ക് കൊള്ള, ജ്വല്ലറി മോഷണം തുടങ്ങിയവ നടത്തി ഭീകരപ്രവർത്തനത്തിനുള്ള പണം കണ്ടെത്താനും ഇവർ പദ്ധതിയിട്ടിരുന്നു. മതസ്പർധ വളർത്താനായി ആക്രമിക്കേണ്ട സ്ഥാപനങ്ങളുടെയും വ്യക്തികളുടെയും പട്ടിക ഇവർ തയ്യാറാക്കുകയും ചെയ്തു. ആരാധനാലയങ്ങൾക്കും ചില സമുദായ നേതാക്കൾക്കുമെതിരെ ഭീകരാക്രമണം നടത്താൻ ഈ ഐഎസ് മൊഡ്യൂൾ ഗൂഢാലോചന നടത്തിയിട്ടുണ്ടെന്നും എൻഐഎ കണ്ടെത്തി.

അതേസമയം, സംസ്ഥാനത്തെ വിവിധ സ്ഥലങ്ങളിൽ കഴിഞ്ഞ ദിവസ എൻഐഎ പരിശോധന നടത്തിയിരുന്നു. കേരള പൊലീസിന്റെ ഭീകരവിരുദ്ധ സ്‌ക്വാഡിന്റെ (എടിഎസ്) സഹായത്തോടെ നടത്തിയ സംയുക്ത ഓപറേഷനിൽ തൃശൂർ സ്വദേശികളായ സയീദ് നബീൽ അഹമ്മദ്, ടി എസ് ഷിയാസ് എന്നിവരെയും പി എ റയീസിനെയും പിടികൂടിയിരുന്നു.